മൂക്കുതല പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പദ്ധതികള്‍ വഴി ഫണ്ട് അനുവദിച്ച് നിര്‍മ്മിച്ച കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പി. നന്ദകുമാര്‍ എം.എല്‍.എ.യുടെ 2023-24 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും വകയിരുത്തിയ ഒരു കോടി രൂപയും, പൊതുവിദ്യാഭ്യാസ വകുപ്പ് 2022-23 ലെ വാര്‍ഷിക പദ്ധതിയില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപയും സമഗ്ര ശിക്ഷ കേരളം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റാര്‍സ് പദ്ധതി പ്രകാരം അനുവദിച്ച 25 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ നാല് ക്ലാസ് റൂമുകളും ടോയ്ലറ്റ് സൗകര്യവുമുണ്ട്. കൂടാതെ രണ്ട് കംപ്യൂട്ടര്‍ ലാബുകളും നിര്‍മ്മിച്ചിട്ടുണ്ട്.
ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദീന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയായി. പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന്‍ മുക്കുളത്ത് പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വിഷ്ണുവും എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും വരച്ച മന്ത്രി വി. ശിവന്‍കുട്ടിയുടെ ഛായാചിത്രങ്ങള്‍ ചടങ്ങില്‍ മന്ത്രിക്ക് കൈമാറി.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് വൈസ് പ്രസിഡന്റ് ഒ.പി പ്രവീണ്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫ നാസര്‍, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സ്‌കൂള്‍ പി.ടി.എ പ്രസിഡന്റുമായ മുസ്തഫ ചാലുപറമ്പില്‍, എം.പി.ടി.എ. പ്രസിഡന്റ് സാബിറ മുസ്തഫ, എം.പി.ടി.എ. പ്രസിഡന്റ് സാബിറ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.വി. കരുണാകരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷണ്മുഖന്‍, വിദ്യാ കിരണം കോഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.വി. മണികണ്ഠന്‍, കൂടാതെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, സാംസ്‌കാരിക പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.


