കെ.എന്‍. ബാലഗോപാലിനെ ഒഴിവാക്കണം; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനുവേണ്ടി സി.പി.ഐയുടെ സമ്മര്‍ദ്ദം ; പിന്നില്‍ പിണറായിപക്ഷമോ?പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനുവേണ്ടി സി.പി.ഐ. പരസ്യനിലപാടു സ്വീകരിച്ചു രംഗത്തുവന്നതിനു പിന്നില്‍ സി.പി.എം.നേതൃത്വം തന്നെയെന്നു സംശയമുയരുന്നു. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ.എന്‍. ബാലഗോപാലിനെ ഉപനേതാവായി ചുമതലപ്പെടുത്തുന്നത് ഒഴിവാക്കാനുള്ള പിണറായി പക്ഷ നീക്കമായാണ് ഇവര്‍ സി.പി.ഐയുടെ സമ്മര്‍ദത്തെ വിലയിരുത്തുന്നത്.
ചരിത്രപരമായ തോല്‍വിയോടെ ഭരണം നഷ്ടമായെങ്കിലും 35 അംഗങ്ങള്‍മാത്രമുള്ള പ്രതിപക്ഷത്തെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നയിക്കട്ടെയെന്നായിരുന്നു സി.പി.എം. തീരുമാനം. സി.പി.ഐ. ഉള്‍പ്പെടുന്ന ഇടതുമുന്നണി സംവിധാനവും ഇതംഗീകരിച്ചു. എന്നാല്‍, ദയനീയ തോല്‍വിയിലേക്കു സര്‍ക്കാരിനെ നയിച്ച പിണറായി പ്രതിപക്ഷ നേതാവായി നയിക്കുന്നതിനെതിരേ കീഴ്ഘടകങ്ങളില്‍നിന്ന് വലിയ വിമര്‍ശനമുയര്‍ന്നെങ്കിലും നേതൃമാറ്റമെന്ന ആവശ്യം സി.പി.എം. നേതൃത്വം നിരാകരിച്ചു.
പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഭദ്രമായി കൈയിലൊതുക്കിയ പിണറായിക്കു മരുമകനായ മുഹമ്മദ് റിയാസ് എം.എല്‍.എയെ പ്രതിപക്ഷ ഉപനേതാവാക്കാനാണു താത്പര്യം.ഇതിനിടെയാണ് മുതിര്‍ന്ന അംഗമെന്ന നിലയില്‍ കെ.എന്‍. ബാലഗോപാലിന്റെ ഇടപെടല്‍ സഭയില്‍ പ്രതിപക്ഷനിരയില്‍നിന്നു ശക്തമായി ഉയര്‍ന്നത്. ഉപനേതാവായി ചുമതലപ്പെടുത്തിയിട്ടില്ലെങ്കിലും സഭാ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളില്‍തന്നെ ധനവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലടക്കം മുന്‍മന്ത്രിയായ ബാലഗോപാലാണ് പ്രതിപക്ഷത്തെ നയിച്ചത്. പ്രായാധിക്യമുള്ള പിണറായിക്കു മുഴുവന്‍ സമയ സഭാ പ്രവര്‍ത്തനത്തിനു സാധിക്കാത്ത അവസ്ഥയാണ്


