പാലപ്പുറം റെയിൽവേ സ്റ്റേഷൻ ചരിത്രത്തിലേക്കു മറഞ്ഞു. സ്റ്റേഷൻ പുനഃസ്ഥാപിക്കാനുള്ള അവസാന സാധ്യതയും അടച്ചു പ്ലാറ്റ്ഫോം റെയിൽവേ പൊളിച്ചുനീക്കി. ടിക്കറ്റ് വിൽപനയ്ക്ക് ഏജന്റുമാരെ കിട്ടാത്തതിനെ തുടർന്നു പ്രവർത്തനം നിർത്തി ഒന്നരവർഷം പിന്നിടുമ്പോഴാണു പ്ലാറ്റ്ഫോം പൊളിച്ചുനീക്കിയത്. ഇതോടെ പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷൻ ചരിത്രത്തിന്റെ ഭാഗമായി മാറി. തകർച്ച നേരിടുന്ന ചെറിയ ടിക്കറ്റ് കൗണ്ടർ മാത്രമാണു സ്റ്റേഷന്റെ ഭാഗമായി ഇവിടെ ഇനി അവശേഷിക്കുന്നത്. 2024 ഒക്ടോബർ 29നാണു നേരത്തെയുണ്ടായിരുന്ന ഏജന്റിന്റെ കാലാവധി പൂർത്തിയായത്. തുടർന്നു റെയിൽവേ കമേഴ്സ്യൽ വിഭാഗത്തിന്റെ നേരിട്ടുള്ള ഇടപെടലിൽ ജീവനക്കാരെ നിയോഗിച്ചായിരുന്നു ഡിസംബർ വരെ പ്രവർത്തനം. ഇതിനിടെ ഏജന്റിനെ കണ്ടെത്താൻ റെയിൽവേയും സ്ഥിരം യാത്രക്കാരും നാട്ടുകാരുമെല്ലാം നടത്തിയ ശ്രമം പാഴായി.


