Friday, June 5, 2026
spot_img
HomeArticle​​സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ 'ഡിസൈൻ വേഴ്സ് ' ജൂൺ 5, 6...

​​സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘ഡിസൈൻ വേഴ്സ് 2026’ ദ്വിദിന പ്രദർശന മേള ജൂൺ 5, 6 തീയതികളിൽ നടക്കും. കൊച്ചി ക്യാമ്പസിൽ വെച്ച് നടക്കുന്ന മേളയിൽ ക്രിയേറ്റീവ് ഡിസൈൻ ബിരുദ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളിലും സാമൂഹിക അവബോധത്തിലും ഊന്നിയുള്ള സൃഷ്ടികളാണ് പ്രധാനമായും പ്രദർശിപ്പിക്കുക. രാവിലെ 11 മുതൽ വൈകുന്നേരം ആറു വരെയാണ് സന്ദർശന സമയം.

ഭാവിയുടെ ഡിസൈൻ സങ്കൽപ്പങ്ങളും വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഈ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. വെറുമൊരു പ്രദർശനം എന്നതിലുപരി, വിദ്യാർത്ഥികൾ, വ്യവസായ പ്രമുഖർ, കലാകാരന്മാർ, അധ്യാപകർ, കലയെ സ്നേഹിക്കുന്നവർ എന്നിവർക്കെല്ലാം ഒത്തുചേരാനും ആശയവിനിമയം നടത്താനുമുള്ള ഒരു വേദി കൂടിയാണിത്. ഡിസൈൻ തിങ്കിംഗ്, വിഷ്വൽ കൾച്ചർ, സാങ്കേതികവിദ്യ, സുസ്ഥിരത, സാമൂഹിക പ്രതിബദ്ധതയുള്ള സർഗാത്മകത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾക്കും ഈ പ്രദർശനം തുടക്കം കുറിക്കും. വിദ്യാർത്ഥികളുടെ അക്കാദമിക യാത്രയുടെ ഭാഗമായി അവർ വികസിപ്പിച്ചെടുത്ത മികച്ച പ്രോജക്ടുകളാണ് രണ്ട് ദിവസങ്ങളിലായി ഇവിടെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ മേഖലകളിലെ ബ്രാൻഡിംഗ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ടൈപ്പോഗ്രാഫി, പാക്കേജിംഗ് തുടങ്ങിയവയിലെ നൂതന ആശയങ്ങൾ പ്രദർശനത്തിന്റെ പ്രധാന ആകർഷണമായിരിക്കും. ഇതിനുപുറമെ, ആനിമേറ്റഡ് ഫിലിമുകൾ, മോഷൻ ഗ്രാഫിക്സ്, ഡിജിറ്റൽ സ്റ്റോറിടെല്ലിംഗ് എന്നിവ ഉൾക്കൊള്ളുന്ന ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, ഉപഭോക്താക്കൾക്ക് മികച്ച ഡിജിറ്റൽ അനുഭവം നൽകുന്ന യുഐ/യുഎക്സ് ഡിസൈനുകൾ, ഡോക്യുമെന്ററികളും പരീക്ഷണാത്മക ദൃശ്യാവിഷ്കാരങ്ങളും അടങ്ങുന്ന ഫിലിം ആൻഡ് മീഡിയ പ്രോജക്റ്റുകൾ എന്നിവയും മേളയിൽ ഒരുക്കും. മികച്ച ഗെയിമിംഗ് അനുഭവങ്ങളും ക്യാരക്ടർ ഡിസൈനും നൽകുന്ന ഇന്ററാക്ടീവ് ഗെയിം ആർട്ട് ആൻഡ് ഡെവലപ്‌മെൻ്റ്, സുസ്ഥിരമായ ഫാഷൻ സങ്കൽപ്പങ്ങളും ഉപയുക്തതയും സൗന്ദര്യവും സമന്വയിപ്പിക്കുന്ന സ്പേഷ്യൽ ഡിസൈനുകളും ഉൾപ്പെടുന്ന ഫാഷൻ, ഇൻ്റീരിയർ ഡിസൈൻ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സൃഷ്ടികളും ഇവിടെ കാണാൻ സാധിക്കും.

നൂതന ഡിസൈൻ മാതൃകകൾ, ഡിജിറ്റൽ അവതരണങ്ങൾ, ഇന്ററാക്ടീവ് അനുഭവങ്ങൾ, മികച്ച പോർട്ട്ഫോളിയോകൾ എന്നിവ സന്ദർശകർക്ക് ഇവിടെ നേരിട്ട് കാണാനും അടുത്തറിയാനും അവസരമുണ്ടാകും. യുവ ഡിസൈനർമാരുമായി സംവദിക്കാനും അവരുടെ പ്രോജക്റ്റുകൾക്ക് പിന്നിലെ ആശയങ്ങളെയും പ്രചോദനങ്ങളെയും കുറിച്ച് ചോദിച്ചറിയാനും ഈ പ്രദർശനം വഴിയൊരുക്കും. കലയെയും ഡിസൈനിനെയും സ്നേഹിക്കുന്നവർക്കും, പുതിയ ആശയങ്ങൾ തേടുന്ന വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഡിസൈൻ വേഴ്സ് ഒരുക്കിയിരിക്കുന്നത്. നാളെയുടെ ഡിസൈൻ പ്രൊഫഷണലുകളെ വാർത്തെടുക്കാനും അവർക്ക് ആത്മവിശ്വാസം നൽകാനുമുള്ള യൂണിവേഴ്സിറ്റിയുടെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ് ഡിസൈൻ വേഴ്സ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments