കോഴിക്കോട് ∙ പാളയം സ്വദേശി ബിജുവിനെ (38) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ബന്ധു ദീപക്കിന്റെ (21) കൂട്ടാളികളെ കൂടി പിടികൂടണമെന്ന് ബിജുവിന്റെ പിതാവ് രാജൻ. മദ്യലഹരിയിൽ ആണെങ്കിൽ പോലും ഒറ്റയ്ക്ക് കൊലപാതകം നടത്താൻ ദീപക്കിനു കഴിയില്ല. മകനെ കൊല്ലാൻ മുൻപും ദീപക് ശ്രമിച്ചിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും രാജൻ ആവശ്യപ്പെട്ടു. ദീപക് ലഹരിക്ക് അടിമയായിരുന്നു. ലഹരിവിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ബിജു കൂടെ പോയതാണ് കൊലപാതകത്തിൽ നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിൽ വാങ്ങിയ ദീപക്കിനെ വെള്ളിയാഴ്ച പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. മൂന്നു ദിവസത്തേക്കാണ് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി ദീപക്കിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കൊലപാതകം ഒറ്റയ്ക്ക് നടത്താൻ ദീപക്കിന് കഴിയുമെന്നു കരുതുന്നില്ല. ശനിയാഴ്ച രാത്രി ഏഴു മണിക്ക് ദീപക് ഈ പരിസരത്ത് വന്നിരുന്നു. നാലഞ്ചു പേരുമായി ഇതിനടുത്തിരുന്ന് മദ്യപിച്ചു. അവരെക്കൂടി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. 19നാണ് കൊലപാതകം നടന്നത്. 16നും കൊലപാതകത്തിന് ശ്രമമുണ്ടായി. ഞാൻ ഇവിടെയുള്ളത് അറിഞ്ഞതിനാലാണ് അന്നത് നടക്കാതെ പോയത്. ശനിയാഴ്ച ഞാൻ കോയമ്പത്തൂരിലേക്ക് പോകുന്നതിന് മുൻപ്, ഒറ്റമുറി വീട്ടിൽ കിടക്കേണ്ടെന്നും നമ്മുടെ വീട്ടിൽ പോയി കിടന്നാൽ മതിയെന്നു ബിജുവിനോട് പറഞ്ഞിരുന്നു. യാത്രയ്ക്കിടെ രാത്രി പന്ത്രണ്ടരയോടെ മകനെ പല തവണ വിളിച്ചെങ്കിലും ഫോണെടുത്തില്ല. രണ്ടേമുക്കാലോടെ വീണ്ടും ബിജുവിനെ വിളിച്ചു. പലവട്ടം വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ മൂന്നു മണിയോടെ മകളെ വിളിച്ചു. അതോടെയാണ് എന്റെ ഭാര്യ ഒറ്റമുറി വീട്ടിൽ എത്തി മകനെ അന്വേഷിച്ചത്. അപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്’– രാജൻ പറഞ്ഞു
കൃത്യമായ ആസൂത്രണത്തിലൂടെയാണ് ബിജുവിനെ ദീപക് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അർധരാത്രിക്കു ശേഷം അച്ഛന്റെ സ്കൂട്ടറിൽ സഹോദരന്റെ ടീഷർട്ട് ധരിച്ചാണ് ദീപക് എത്തിയത്. അന്വേഷണമുണ്ടായാൽ പൊലീസിനെ തെറ്റിധരിപ്പിക്കാനാണ് ദീപക് സഹോദരന്റെ ടീഷർട്ട് ധരിച്ചതെന്നാണ് സൂചന. കൊലപാതകത്തിനു ശേഷം ഈ ടീഷർട്ട് ദീപക് കത്തിച്ചിരുന്നു.
ലഹരി ഉപയോഗിക്കുന്നത് വിലക്കിയ സഹോദരനുമായി ദീപക് വഴക്കിലായിരുന്നു. സഹോദരനെ ബിജുവിന്റെ കൊലപാതകത്തിൽ കുടുക്കാനാണ് ദീപക് ഈ ടീഷർട്ട് ധരിച്ചതെന്നാണ് പൊലീസ് പറയുന്നത്. പതിമൂന്നു വയസ്സു മുതൽ ദീപക് ലഹരി ഉപയോഗിക്കുന്നുണ്ട്. പ്ലസ് വണിന് പഠിക്കുമ്പോൾ ചികിത്സ തേടിയെങ്കിലും ബിഎ ഇംഗ്ലിഷ് വിദ്യാർഥിയായിരിക്കെ വീണ്ടും ലഹരി ഉപയോഗം തുടങ്ങി. ബിജു കൂടി ഇടപെട്ടാണ് വീട്ടുകാർ വീണ്ടും ചികിത്സയ്ക്ക് കൊണ്ടുപോയത്. കയ്യും കാലും കെട്ടിയാണ് ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് ദീപക്കിനെ കൊണ്ടുപോയത്. നാട്ടുകാർക്കു മുന്നിലൂടെ ബലപ്രയോഗം നടത്തി കൊണ്ടു പോയത് ദീപക്കിന്റെ മനസ്സിൽ ബിജുവിനെതിരെ പകയ്ക്ക് കാരണം ആയിരിക്കാമെന്ന് പൊലീസ് പറയുന്നു. ശരീരത്തിൽ 45 കുത്തുകൾ ഏറ്റാണ് ബിജു മരിച്ചത്. 18 കുത്തുകളും കഴുത്തിലായിരുന്നു.
കോഴിക്കോട് നഗരത്തെ നടുക്കി ഈ മാസം 19ന് പുലർച്ചെ ഉണ്ടായ കൊലപാതകത്തിൽ സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതി ദീപക്കിനെ രണ്ടു ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ എടുത്തത്. ശാസ്ത്രീയ പരിശോധനയുടെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലുമാണ് ടൗൺ എസിപി കെ.വി.പ്രമോദന്റെ നേതൃത്വത്തിൽ കസബ സിഐ പി.ജെ.ജിമ്മിയും പൊലീസ് സംഘവും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ വിഭാഗവും ചേർന്ന് പ്രതിയെ പിടികൂടിയത്


