Saturday, July 25, 2026
spot_img
HomeArticleകനോലി പ്ലോട്ടില്‍ സംയോജിത സുസ്ഥിര വികസനം നടപ്പാക്കും: മന്ത്രി ഷിബു ബേബി ജോണ്‍

കനോലി പ്ലോട്ടില്‍ സംയോജിത സുസ്ഥിര വികസനം നടപ്പാക്കും: മന്ത്രി ഷിബു ബേബി ജോണ്‍

നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ടില്‍ സംയോജിത സുസ്ഥിര വികസനം നടപ്പാക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. കനോലി പ്ലോട്ട് സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തിയ ശേഷം ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. നിലമ്പൂര്‍ എം.എല്‍.എ. ആര്യാടന്‍ ഷൗക്കത്തിന്റെ എം.എല്‍.എ. ഫണ്ടു കൂടി ഉപയോഗപ്പെടുത്തിയാണ്  സുസ്ഥിര വികസനത്തിനായുള്ള പ്രോജക്ട് തയ്യാറാക്കുക. ചാലിയാര്‍ പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. കേരള സ്റ്റേറ്റ്  വുഡ് ഇന്‍ഡസ്ട്രീസ്   ലിമിറ്റഡിന് വിനീര്‍ ഫാക്ടറിക്കായി വനം വകുപ്പ് പാട്ടത്തിന് നല്‍കിയ സ്ഥലം കമ്പനി നിന്നതിനെ തുടര്‍ന്ന് പാട്ടക്കാലാവധി അവസാനിച്ചപ്പോള്‍ വനം വകുപ്പ് തിരിച്ചെടുത്തിരുന്നു. ഈ പ്രദേശത്തെ ഫാക്ടറിയും ക്വാര്‍ട്ടേഴ്‌സുകളും പുനരുദ്ധരിച്ച് ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

ചാലിയാര്‍ പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം 2019ലെ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പുതിയ തൂക്കുപാലം നിര്‍മ്മിക്കുന്നതിന് 2020 ല്‍ സ്റ്റീല്‍ ഇന്‍ഡസ്ടീസ് കേരള ലിമിറ്റഡിനെ (സില്‍ക്ക്) ചുമതലപെടുത്തിയിരുന്നു. എന്നാല്‍ തൂക്കുപാലത്തിന്റെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മന്ത്രി കമ്പനി സിഇഒയെ നേരിട്ട് ബന്ധപ്പെട്ട് തിരുവനന്തപുരത്ത്   ഓഫീസിലെത്തി  വിശദീകരിക്കാന്‍ നിര്‍ദ്ദേശിച്ചു.

കനോലി പ്ലോട്ടിന്റെ സമീപത്തുള്ള സ്ഥലം വനം വകുപ്പ് 1981 ല്‍ കേരള സ്റ്റേറ്റ്  വുഡ് ഇന്‍ഡസ്ട്രീസ്   ലിമിറ്റഡിന് ലീസിന് നല്‍കിയിരുന്നു. ലീസ് കാലിവധി 2006 ല്‍ അവസാനിച്ചതിനെ തുടര്‍ന്നും 1990 മുതല്‍ പാട്ടക്കുടിശ്ശിക നിലനിന്ന സാഹചര്യത്തിലും വനം വകുപ്പ്  നടപടി പൂര്‍ത്തിയാക്കി തിരിച്ചെടുത്തു. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് ഇവിടെ സ്ഥിതി ചെയ്യുന്ന ഫാക്ടറിയും ക്വാര്‍ട്ടേഴ്‌സും  പുനരുദ്ധരിച്ചു ഇക്കോ ടൂറിസത്തിന്റെ ഭാഗമാക്കും.

ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എ, നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, വൈസ് ചെയര്‍ പേഴ്‌സണ്‍ ഷൗക്കത്ത് അലി കൂമഞ്ചേരി, അഡി. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ടി) ഡോ. പ്രമോദ് ജി. കൃഷ്ണന്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഈസ്റ്റേണ്‍ സര്‍ക്കിള്‍) കെ. വിജയാനന്ദ്, അഡി. പ്രിന്‍സിപ്പല്‍ ചീഫ്  കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ( ഇ&ടി.ഡബ്ല്യു )കെ. കാര്‍ത്തികേയന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി. ധനേഷ് കുമാര്‍, ജി. ധനിക് ലാല്‍ തുടങ്ങിയര്‍ പങ്കെടുത്തു.

ചാലിയാര്‍ പുഴയുടെ ഇരുകരകളിലായാണ് കനോലി പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. രാമല്ലൂര്‍ റിസേര്‍വിലുള്ള ഈ പ്രദേശത്താണ് ലോകത്തിലെ  ഇതുവരെ പ്ലാന്റ് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ തേക്ക് സ്ഥിതി ചെയ്യുന്നത്. 1842 ല്‍ അന്നത്തെ കളക്ടറായിരുന്ന എച്ച്. വി കനോലിയാണ് അമിതമായ മരംമുറി മൂലം ഡിഗ്രേഡഡ് ഫോറസ്റ്റായി മാറിയ ഇന്നത്തെ കനോലി പ്ലോട്ടില്‍  തേക്കിന്‍ തൈകള്‍ നട്ടു പിടിപ്പിച്ച്  തോട്ടമാക്കാന്‍ തീരുമാനിച്ചത്. ഫോറസ്റ്റ് സബ് കണ്‍സര്‍വേറ്ററായിരുന്ന ചാത്തു മേനോനായിരുന്നു ചുമതല. സംയോജിത വികസന പദ്ധതി പൂര്‍ത്തിയാകുന്നതോടെ  ചരിത്രമുറങ്ങുന്ന കനോലി പ്ലോട്ടിലേയ്ക്ക്  കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments