- ലയണൽ മെസ്സിയുടെയും അന്റോണലയുടെയും പ്രണയകഥയ്ക്ക് അവരുടെ ജന്മനാടായ അർജന്റീനയിലെ റോസാരിയോയോളം പഴക്കമുണ്ട്
ലോക ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസ താരം ലയണൽ മെസ്സി കളിക്കളത്തിൽ മാന്ത്രികത കാണിക്കുമ്പോൾ, ഗാലറിയിൽ എപ്പോഴും അദ്ദേഹത്തിന് കരുത്തായി ഒരാളുണ്ട് – ഭാര്യ അന്റോണല റൊക്കൂസോ. വിജയങ്ങളിലും പരാജയങ്ങളിലും വീഴ്ചകളിൽ നിന്നുള്ള തിരിച്ചുവരവുകളിലും മെസ്സിയുടെ നിഴലായി കൂടെയുള്ള അന്റോണല ഇന്ന് വെറുമൊരു സൂപ്പർ താരത്തിന്റെ ഭാര്യ എന്നതിലുപരി സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തിയ വിജയകരമായ ഒരു സംരംഭക കൂടിയാണ്. റോസാരിയോയിലെ തെരുവ് മുതൽ ലോക ഫുട്ബോളിന്റെ നെറുകയിൽ നിൽക്കുന്ന ഇന്റർ മയാമിയിലെയും അർജന്റീന ടീമിലെയും നായകത്വ കാലം വരെ നീളുന്ന അവരുടെ ജീവിതവും പ്രണയവും ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്.
∙ റോസാരിയോയിലെ തെരുവിൽ മൊട്ടിട്ട പ്രണയം
ലയണൽ മെസ്സിയുടെയും അന്റോണലയുടെയും പ്രണയകഥയ്ക്ക് അവരുടെ ജന്മനാടായ അർജന്റീനയിലെ റോസാരിയോയോളം പഴക്കമുണ്ട്. വെറും ഒൻപത് വയസ്സുള്ളപ്പോഴാണ് മെസ്സി അന്റോണലയെ ആദ്യമായി കാണുന്നത്. മെസ്സിയുടെ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരനും സഹതാരവുമായിരുന്ന ലൂക്കാസ് സ്കാഗ്ലിയയുടെ കസിൻ ആയിരുന്നു അന്റോണല. ലൂക്കാസിന്റെ വീട്ടിൽ വച്ചാണ് മെസ്സി അന്റോണലയെ പരിചയപ്പെടുന്നത്. ആദ്യകാഴ്ചയിൽ തന്നെ മെസ്സിക്ക് അവളോട് പ്രത്യേകമായൊരു ഇഷ്ടം തോന്നിയിരുന്നു.
പിന്നീട് അർജന്റീനയിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തന്റെ വളർച്ചാ വൈകല്യങ്ങൾക്കുള്ള ചികിത്സയ്ക്കായുമാണ് മെസ്സി 13-ാം വയസ്സിൽ ബാർസിലോനയിലേക്ക് ചേക്കേറുന്നത്. അത്രയും ദൂരത്തേക്ക് മാറിയിട്ടും അവർ തമ്മിലുള്ള ആത്മബന്ധം ഇല്ലാതായില്ല. 2005ൽ അന്റോണലയുടെ ഉറ്റസുഹൃത്ത് ഒരു വാഹനാപകടത്തിൽ മരണപ്പെട്ട വാർത്തയറിഞ്ഞ് മെസ്സി ഉടൻ തന്നെ അർജന്റീനയിലേക്ക് പറന്നെത്തി. ആ പ്രതിസന്ധി ഘട്ടത്തിൽ അന്റോണലയ്ക്ക് താങ്ങായി നിന്നത് മെസ്സിയായിരുന്നു. ഈ സംഭവമാണ് പിന്നീട് അവരുടെ പ്രണയത്തിന് കൂടുതൽ ആഴം നൽകിയത്

∙ ‘രഹസ്യ കൂട്ടിൽ’ നിന്നും വിവാഹത്തിലേക്ക്
തങ്ങൾ പ്രണയത്തിലാണെന്ന കാര്യം വർഷങ്ങളോളം ഇരുവരും രഹസ്യമായി സൂക്ഷിച്ചു. എന്നാൽ 2009ൽ ഒരു അഭിമുഖത്തിൽ തനിക്കൊരു കാമുകിയുണ്ടെന്നും അവൾ അർജന്റീനയിലാണെന്നും മെസ്സി വെളിപ്പെടുത്തി. തൊട്ടടുത്ത വർഷം അന്റോണല മെസ്സിക്കൊപ്പം നിൽക്കാൻ ബാർസിലോനയിലേക്ക് താമസം മാറി.
വർഷങ്ങളോളം നീണ്ട സുന്ദരമായ സഹവാസത്തിനൊടുവിൽ 2017 ജൂണിൽ അവർ വിവാഹിതരായി. തങ്ങളുടെ ജന്മനാടായ റോസാരിയോയിൽ വച്ചുനടന്ന ഈ വിവാഹം ‘നൂറ്റാണ്ടിന്റെ വിവാഹം’ എന്നാണ് അർജന്റീനിയൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ലോക ഫുട്ബോളിലെ പ്രമുഖ താരങ്ങളും പ്രശസ്തരും പങ്കെടുത്ത ആ ചടങ്ങ് അവരുടെ പ്രണയസാഫല്യത്തിന്റെ മനോഹരമായ സാക്ഷ്യപത്രമായിരുന്നു.
അന്റോണല റൊക്കൂസോ: തന്റേതായ വഴി വെട്ടിത്തുറന്ന സംരംഭക
ഒരു സൂപ്പർ താരത്തിന്റെ ജീവിതപങ്കാളി എന്ന ലേബലിൽ മാത്രം ഒതുങ്ങിക്കൂടാൻ അന്റോണല ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. നാഷനൽ യൂണിവേഴ്സിറ്റി ഓഫ് റോസാരിയോയിൽ നിന്നും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിൽ ബിരുദം നേടിയ അവർ, ഒരുകാലത്ത് ഡെന്റിസ്റ്റ് ആകാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇതിനായി ബിരുദാനന്തര പഠനത്തിന് ചേർന്നുവെങ്കിലും പിന്നീട് മനസ്സുമാറി അവർ ഫാഷൻ, ബിസിനസ് രംഗങ്ങളിലേക്ക് തിരിയുകയായിരുന്നു.
ഇന്ന് അന്റോണല വിജയകരമായ ഒരു ബിസിനസ് സംരംഭകയാണ്. സ്വന്തം കസിനുമായി ചേർന്ന് കുട്ടികൾക്കായുള്ള എൻഫാൻസ് എന്ന വസ്ത്ര ബ്രാൻഡ് അവർ ആരംഭിച്ചു. ലോകപ്രശസ്ത അനിമൽ-ഫ്രീ ഫാഷൻ ബ്രാൻഡായ അലോ, പ്രശസ്ത ജ്വല്ലറി ബ്രാൻഡ് ടിഫാനി, സൗന്ദര്യവർധക ബ്രാൻഡുകളായ ലാൻകോം, അനസ്താസിയ ബെവർലി ഹിൽസ് തുടങ്ങിയവയുടെ മുഖ്യ അംബാസഡറാണ് അന്റോണല.
ഇൻസ്റ്റഗ്രാമിൽ മാത്രം 40 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അന്റോണല ഒരു പ്രമുഖ ഡിജിറ്റൽ ക്രിയേറ്റർ കൂടിയാണ്. തുടക്കത്തിൽ അഭിമുഖങ്ങൾ നൽകാനോ ക്യാമറയ്ക്ക് മുന്നിൽ വരാനോ മടിച്ചിരുന്ന അവർ ഇന്ന് തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയും ഫാഷൻ സെൻസിലൂടെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ ആകർഷിക്കുന്നു.
∙ കുടുംബമാണ് മെസ്സിയുടെ ഊർജസ്രോതസ്സ്
മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ ശക്തി അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവരും അന്റോണലയുമാണ്. മെസ്സി ഇന്റർ മയാമിയിലേക്ക് മാറിയതോടെ ഈ കുട്ടികളും മയാമിയുടെ യൂത്ത് അക്കാദമിയിൽ കളിച്ചുതുടങ്ങി. മൂത്തമകൻ തിയാഗോ ഇതിനകം തന്നെ യൂത്ത് ലീഗുകളിൽ കിരീടങ്ങൾ നേടി അച്ഛന്റെ വഴിയിലൂടെ വളർന്നു വരികയാണ്.
മൈതാനത്ത് മെസ്സി നേടുന്ന ഓരോ വിജയവും ഗാലറിയിലിരുന്ന് കണ്ണീരോടെയും ആഹ്ലാദത്തോടെയും ആഘോഷിക്കുന്ന അന്റോണലയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും തരംഗമാകാറുണ്ട്. 2022ലെ ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം ലോകകപ്പ് ട്രോഫിയുമേന്തി മെസ്സിക്കും മക്കൾക്കുമൊപ്പം അന്റോണല മൈതാനത്ത് ഇരിക്കുന്ന ചിത്രം ഫുട്ബോൾ ലോകം ഒരിക്കലും മറക്കില്ല.


