Friday, July 17, 2026
spot_img
HomeTOP NEWSസ്വർണവില വീണ്ടും താഴേക്ക്; മുന്നിലുള്ളത് 2 പ്രധാന വില്ലന്മാർ, 2 മാസത്തിനകം സ്വർണം കൂപ്പുകുത്തും

സ്വർണവില വീണ്ടും താഴേക്ക്; മുന്നിലുള്ളത് 2 പ്രധാന വില്ലന്മാർ, 2 മാസത്തിനകം സ്വർണം കൂപ്പുകുത്തും

സ്വർണവില കേരളത്തിൽ വീണ്ടും താഴേക്ക്. അടുത്ത 2 മാസത്തിനകം സ്വർണവില കൂടുതൽ ഇടിയാനാണ് സാധ്യതയെന്ന് നിരീക്ഷകരും പറയുന്നു. ഇന്ന് വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,125 രൂപയിലെത്തി. 200 രൂപ താഴ്ന്ന് 1,05,080 രൂപയാണ് പവൻവില.

രാജ്യാന്തരവില ഔൺസിന് 12 ഡോളർ കുറഞ്ഞ് 4035 ഡോളറിൽ എത്തിയതാണ് കേരളത്തിലും ഇന്ന് വില കുറയാൻ സഹായിച്ചത്. രാജ്യാന്തരവിലയെ കൂടുതൽ താഴേക്കു വീഴ്ത്താൻ രണ്ട് പ്രധാന ‘വില്ലന്മാർ’ കാത്തുനിൽക്കുകയാണെന്ന് നിരീക്ഷകർ പറയുന്നു.

Indian Traditional Gold Necklace shot in studio light.

1) പലിശപ്പേടി: യുഎസിൽ കഴിഞ്ഞമാസം പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതിനാൽ, കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കൂട്ടില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, അടുത്ത പണനയ നിർണയ യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുമെന്നാണ് ഇപ്പോൾ ഭൂരിപക്ഷം നിരീക്ഷകരും കരുതുന്നത്. പലിശനിരക്ക് കൂട്ടാനുള്ള സാധ്യത 63ൽ നിന്ന് 72 ശതമാനമായി വർധിച്ചു. 

1.1) പലിശനിരക്ക് കൂട്ടിയേക്കാമെന്ന വാദങ്ങൾ വന്നപ്പോൾത്തന്നെ യുഎസ് ഡോളർ കരുത്ത് നേടിത്തുടങ്ങി. ഡോളർ ശക്തമാകുന്നത് ആഭരണം, നിക്ഷേപം എന്നീനിലകളിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കും. ഇത് വില താഴാനും ഇടയാക്കും.

2) എണ്ണപ്പേടി: ഇറാനും യുഎസും തമ്മിലെ യുദ്ധം സമാധാനനീക്കങ്ങളൊക്കെ കടലിലെറിഞ്ഞ് വീണ്ടും വഷളായിട്ടുണ്ട്. ഇത് ക്രൂഡോയിൽ വില വീണ്ടും കൂടിത്തുടങ്ങാനും ഇടയാക്കി. കരിങ്കടലിൽ യുക്രെയ്നും റഷ്യയും തമ്മിലെ പോരും മൂർച്ഛിച്ചു. ഇത് എണ്ണവില വർധനയുടെ ആക്കംകൂട്ടുകയും ചെയ്തു.

2.1) എണ്ണവില വർധന ആഗോളതലത്തിൽ പണപ്പെരുപ്പം കൂടാനിടയാക്കും. പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ പലിശനിരക്ക് കൂട്ടാൻ കേന്ദ്രബാങ്കുകൾ നിർബന്ധിതരാകും. ഡോളർ കരുത്തുനേടും. ബോണ്ടിൽ നിന്നുള്ള ആദായനിരക്ക് മെച്ചപ്പെടും. ഇതും സ്വർണവിലയുടെ ഇടിവിന് വഴിവയ്ക്കും.

2.2) ഡോളർ ശക്തമാകുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഇറക്കുമതി കുറയ്ക്കും. സ്വർണത്തിന്റെ ഇറക്കുമതിയും കുറയും. ഇതും വിലയിടിവിന് വഴിവയ്ക്കും. ഫലത്തിൽ ഓഗസ്റ്റ്-സെപ്റ്റംബർ കാലയളവിൽ സ്വർണവില കൂടുതൽ താഴാനാണ് സാധ്യതയെന്ന് നിരീക്ഷകർ‌ പറയുന്നു. അതേസമയം, യുദ്ധത്തിന് വിരാമമാവുകയും എണ്ണവിലയും ഡോളറും താഴുകയും ചെയ്താൽ സ്ഥിതിമാറും. സ്വർണവില തിരിച്ചുകയറും.

കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,790 രൂപയായി. വെള്ളിവില മാറിയില്ല, ഗ്രാമിന് 235 രൂപ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments