പിണറായി വിജയൻ മുഖ്യമന്ത്രി ആവണമെന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണമിറക്കി നയത്തിയ പ്രചാരണവും വാശിയേറിയ പോരാട്ടവുമാണ് ഇക്കുറി നടന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ചിലയിടത്തു രണ്ടുപേർ തമ്മിലുള്ള മത്സരമാണെന്നും ആലപ്പുഴയിൽ ചിത്തരഞ്ചൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആകെയുള്ള തെരഞ്ഞെടുപ്പുഫലം പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻഡിഎയ്ക്ക് വോട്ട് കൂടും. എന്നാൽ അക്കൗണ്ട് തുറക്കാൻ കഴിയുമോ എന്ന് പറയാനാവില്ലെന്നും ആലപ്പുഴയിൽ വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പദവിയിലേക്ക് ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് എല്ലാവരും യോഗ്യരാണെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. കോൺഗ്രസിൽ മൂന്നു നാല് പേർ മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്നു. ജനിക്കാൻ പോകുന്ന കൊച്ചിൻ്റെ പേര് ഇടേണ്ട കാര്യം ഇപ്പോഴില്ല. നൂറ് സീറ്റ് നേടും എന്നെല്ലാമുള്ള അവകാശവാദങ്ങളെല്ലാം നടക്കുമോയെന്ന് കാത്തിരുന്നുകാണാമെന്നും അദ്ദേഹം പറഞ്ഞു.


