തടവുകാരിൽനിന്നു ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് കേസിൽ കുടുങ്ങിയ ജയിൽ ആസ്ഥാനകാര്യ ഡിഐജി എം.കെ.വിനോദ്കുമാറിനെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലയളവു മുതലുള്ള അന്വേഷണ റിപ്പോർട്ടുകളും പരാതിക്കത്തുകളും സർക്കാർ പൂഴ്ത്തി. ഇദ്ദേഹത്തിനെതിരെയുള്ള അഴിമതിയാരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു 2023 ഏപ്രിലിൽ അന്നത്തെ മധ്യമേഖലാ ജയിൽ ഡിഐജി ജയിൽ ഡയറക്ടർക്കു കത്തെഴുതിയിരുന്നു. ഈ കത്തും അവഗണിച്ചു. കത്തുനൽകിയ ഡിഐജിയെ വിരമിക്കാൻ 3 മാസം ബാക്കി നിൽക്കെ, വിനോദ്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൻമേൽ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കുത്തഴിഞ്ഞ ജയിൽഭരണത്തിന്റെ ഭാഗമായി തടവുകാരിൽനിന്നു മാത്രമല്ല, സ്ഥലംമാറ്റത്തിന് ഉദ്യോഗസ്ഥരിൽനിന്നും കൈക്കൂലി കൈപ്പറ്റുന്ന ഉന്നതസംഘമുണ്ടെന്ന സൂചനകളാണു പുറത്തുവരുന്നത്.


