ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ എന്നിവിടങ്ങളിലെ സ്വർണക്കവർച്ചയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു എന്ന കേസിലൊണ് പ്രതികള്‍ ജാമ്യഹർജി നൽകിയത്. നേരത്തേ സെഷൻസ് കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പു പാളികളെന്ന പേരിൽ സ്വർണം പൂശാനായി കൈമാറിയ കേസിൽ മൂന്നാം പ്രതിയാണ് എൻ.വാസു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന എൻ.വാസുവാണ് നിര്‍ദേശം നല്‍കിയത് എന്നു കണ്ടെത്തിയതോടെയാണ് അദ്ദേഹത്തെ കേസിൽ പ്രതിയാക്കിയത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ കൈമാറിയതിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. ഏഴാം പ്രതിയാണ് കെ.എസ്.ബൈജു. 2019ൽ മഹസർ തയാറാക്കുന്ന സമയത്തും പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തു വിട്ട സമയത്തും ബൈജുവായിരുന്നു തിരുവാഭരണം കമ്മിഷണർ. മുരാരി ബാബുവും ബൈജുവും രണ്ടു കേസുകളിലും ജാമ്യ ഹർജി സമർപ്പിച്ചിരുന്നു.ശബരിമല സ്വർണക്കൊള്ള കേസിലെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജിയാണ് ജസ്റ്റിസ് എ.ബദറുദീൻ തള്ളിയത്. ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.


