തൃപ്രങ്ങോട്: ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി തിയ്യന്നൂർ ശങ്കരനാരായണൻ പ്രമോദ് നമ്പൂതിരി തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ചുമതലയേറ്റു.
ഗുരുവായൂരപ്പനെ അഭിഷേകം ചെയ്ത കൈകൾ ഇനി തൃപ്രങ്ങോട്ടപ്പനെ പൂജിക്കും
തൃപ്രങ്ങോട്: ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി തിയ്യന്നൂർ ശങ്കരനാരായണൻ പ്രമോദ് നമ്പൂതിരി തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ചുമതലയേറ്റു. ജൂൺ 1 മുതൽ ഒരു വർഷക്കാലമാണ് നിയമനം. തലേദിവസം മുഴുവൻ തൃപ്രങ്ങോട്ടപ്പനെ ഭജിച്ചതിന് ശേഷം ക്ഷേത്രം തന്ത്രിയിൽ നിന്നും ഉപദേശവും അനുഗ്രഹവും സ്വീകരിച്ച് മുൻ മേൽശാന്തി ശ്രീകൃഷ്ണൻ നമ്പൂതിരിയിൽ നിന്ന് കച്ചീട്ട് പ്രകാരമുള്ള സാധനങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ് പുതിയ മേൽശാന്തിയായി ശ്രീ പ്രമോദ് നമ്പൂതിരി ചുമതലയേൽക്കുക.
പ്രസിദ്ധ താന്ത്രികാചാര്യൻ ബ്രഹ്മശ്രീ കല്പുഴ ദിവാകരൻ നമ്പൂതിരിയുടെ ശിഷ്യനായ പ്രമോദ് നമ്പൂതിരി ആറു വർഷം തന്ത്രവിദ്യാപീഠത്തിൽ ഗുരുവിനോടൊപ്പം തന്ത്രശാസ്ത്രം അഭ്യസിച്ചിരുന്നു. “ഗുരുവിന്റെ തന്ത്രത്തിലുള്ള തൃപ്രങ്ങോട് ക്ഷേത്രത്തിൽ സേവിക്കാൻ കഴിയുന്നത് ഗുരുനാഥന്റെ അനുഗ്രഹം കൊണ്ടുമാത്രം” എന്ന് മേൽശാന്തി പ്രതികരിച്ചു.
ഒറ്റപ്പാലം വരോട് ചാത്തൻകണ്ടാർകാവ് ക്ഷേത്രം മേൽശാന്തിയും തന്ത്രവിദ്യാപീഠത്തിലെ ഇപ്പോഴത്തെ സെക്രട്ടറിയുമായ അദ്ദേഹത്തിന് ഗുരുവായൂരപ്പനെ അഭിഷേകം ചെയ്ത ശേഷം തൃപ്രങ്ങോട്ടപ്പനെ സേവിക്കണമെന്നത് ചിരകാല അഭിലാഷമായിരുന്നു. നിയമനം അറിഞ്ഞപ്പോൾ മാതാവ് എടപ്പാൾ കുന്നത്തുമന ശാന്ത അന്തർജ്ജനം “ഒരു വർഷം തൃപ്രങ്ങോട്ടപ്പനെ ഭജിയ്ക്കു” എന്ന് അനുഗ്രഹിച്ചതായി അദ്ദേഹം പറഞ്ഞു.
തിയ്യന്നൂർ ശങ്കരനാരായണനുണ്ണി നമ്പൂതിരിയുടെയും ശാന്ത അന്തർജ്ജനത്തിന്റെയും പുത്രനായ പ്രമോദ് നമ്പൂതിരിയുടെ ഭാര്യ രശ്മി അന്തർജ്ജനം വരോട് യു.പി സ്കൂളിൽ സംസ്കൃത അദ്ധ്യാപികയാണ്. മക്കൾ: ഋഷികേശ്, ഹരികേശ്.
വേദഗാംഭീര്യവും തന്ത്രകാർക്കശ്യവും ലാളിത്യവും സമന്വയിക്കുന്ന പുതിയ മേൽശാന്തിയുടെ വരവ് ക്ഷേത്രത്തിന് പുതുചൈതന്യം പകരുമെന്ന പ്രതീക്ഷയിലാണ് ഭക്തർ.


