കേരള സർക്കാർ നോർക്ക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള പ്രവാസി ക്ഷേമ ബോർഡ്, അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിച്ചു. ജില്ലാ പ്രവാസി പ്രശ്നപരിഹാര കമ്മിറ്റി അംഗം എം.കെ. ശശീധരൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ ബോർഡ് ഫിനാൻസ് മാനേജർ ടി. ജയകുമാർ അധ്യക്ഷത വഹിച്ചു.
പ്രവാസികൾക്ക് പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി ക്ഷേമനിധിയിൽ പുതിയതായി അംഗത്വം എടുക്കാനും നഷ്ടപ്പെട്ട അംഗത്വം പിഴയിളവോടെ പുതുക്കാനും ഇതിലൂടെ അവസരം ഒരുക്കി. നൂറിലധികം പ്രവാസികൾ ക്യാമ്പയിനിൽ പങ്കെടുത്തു.
ക്യാമ്പയിനിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലോ സേവാ കേന്ദ്രങ്ങളിലോ പോയി അംഗത്വം പുതുക്കാനോ പുതുതായി എടുക്കാനോ കഴിയുമെന്ന് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലീസ് അറിയിച്ചു.
എറണാകുളം ജില്ലയിലെ ക്യാമ്പയിൻ ആഗസ്റ്റ് 25-ന് എറണാകുളം സിവിൽ സ്റ്റേഷൻ ആസൂത്രണ സമിതി ഹാളിൽ നടക്കും. പരിപാടിക്ക് എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ പ്രവാസി ക്ഷേമ ബോർഡ് ജീവനക്കാർ നേതൃത്വം നൽകി. തിരുവനന്തപുരം ഓഫീസ് അസിസ്റ്റന്റ് കെ.എൽ. അജിത് കുമാർ സ്വാഗതവും എറണാകുളം ഡി.ഇ.ഒ. സി.പി. തസ്നീം നന്ദിയും പറഞ്ഞു.


