ബസ്സ് യാത്രക്കിടെ വയോധികയ്ക്ക് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ: ജീവന് തുണയായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ മാലാഖ
അരീക്കോട്: ഓടുന്ന ബസ്സിൽ വച്ച് മസ്തിഷ്കാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാക്കിയ വയോധികയ്ക്ക് രക്ഷകയായി ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ നഴ്സ്. പെരുമ്പാവൂരിൽ നിന്ന് അരീക്കോട്ടേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയായ 60-കാരിയ
1 min read

അരീക്കോട്: ഓടുന്ന ബസ്സിൽ വച്ച് മസ്തിഷ്കാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാക്കിയ വയോധികയ്ക്ക് രക്ഷകയായി ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ നഴ്സ്. പെരുമ്പാവൂരിൽ നിന്ന് അരീക്കോട്ടേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയായ 60-കാരിയുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയാണ് അരീക്കോട് സ്വദേശിയായ ആതിര മണിക്കുട്ടൻ വയോധികയുടെ ജീവൻ രക്ഷിച്ചത്. ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ മെഡിക്കൽ എം.ഐ.സി.യു വിഭാഗത്തിൽ വർഷങ്ങളായി അടിയന്തര കേസുകൾ കൈകാര്യം ചെയ്യുന്ന ആതിരയുടെ അനുഭവസമ്പത്തും ദീർഘവീക്ഷണവുമാണ് വയോധികയ്ക്ക് രക്ഷയായത്.
പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ വച്ചാണ് സഹയാത്രികയുടെ മുഖത്തുണ്ടായ നേരിയ കോട്ടം, സംസാരത്തിലെ തടസ്സം, കൈകാലുകളുടെ തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ ആതിരയുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ സാധാരണ പ്രഷർ കൂടുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മാത്രമാണിത്, കുറച്ചുകഴിയുമ്പോൾ ശരിയാകും എന്ന് പറഞ്ഞ് വയോധികയും കൂടെയുള്ളവരും സംഭവം നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചു. ഓടുന്ന ബസ്സിന്റെ പരിമിതികളും ചുറ്റുമുള്ളവരുടെ സംശയങ്ങളും നിലനിൽക്കെ, ലക്ഷണങ്ങൾ സ്ട്രോക്കിന്റേതാണെന്ന് ഉറപ്പിച്ച ആതിര ഉറച്ച നിലപാടെടുത്തു. ബസ് ഉടൻ തന്നെ തൊട്ടടുത്തുള്ള അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് വയോധികയെ എത്തിക്കുകയും അടിയന്തര പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തതോടെയാണ് ജീവൻ രക്ഷിക്കാനായത്. പരിശോധനയിൽ സ്ട്രോക്കിന്റെ പ്രാരംഭഘട്ടമാണെന്ന് സ്ഥിരീകരിക്കുകയും തക്കസമയത്ത് ശാസ്ത്രീയ ചികിത്സ നൽകി അപകടനില തരണം ചെയ്യുകയും ചെയ്തു.
സമയോചിത ഇടപെടലിനെ അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ സി.ഒ.ഒ റോബിൻ സി.വിയും, സി.എം.എസ് ഡോ. നിഹ്മത്തുള്ള എന്നിവർ ചേർന്ന് ആദരിച്ചു. ഇത്തരം മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സമർപ്പണ ബോധത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി ആസ്റ്റർ ഡി.എം. ക്വാളിറ്റികെയർ ആവിഷ്കരിച്ച ഗോ ഗ്രേറ്റർ ഫേസ്-2 മൂവ്മെന്റ് എന്ന സവിശേഷ പദ്ധതിയുടെ ഭാഗമായാണ് ഈ ആദരം നൽകിയത്. അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ തീരുമാനമെടുക്കാനുള്ള നഴ്സിങ് ജീവനക്കാരുടെ തൊഴിൽപരമായ മികവിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.
എം.ഐ.സി.യുവിൽ നിരന്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതുകൊണ്ട് തന്നെ രോഗലക്ഷണങ്ങൾ കണ്ടപ്പോൾ അത് സ്ട്രോക്കാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞുവെന്ന് നഴ്സ് ആതിര പറഞ്ഞു. പ്രഷറിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് അവർ അത് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ മടിച്ചുനിൽക്കാൻ കഴിയില്ലായിരുന്നുവെന്നും, ഓടുന്ന ബസ്സിൽ വച്ച് ആ നിമിഷത്തിൽ എടുത്ത ഉറച്ച തീരുമാനം അവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Published 1 hour ago · Last updated 47 minutes ago · 3 views



