അറ്റ്‌ലാന്റ ∙ ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നാടകീയ വിജയം നേടിയതിന് ശേഷം അർജന്റീന താരങ്ങൾ നടത്തിയ വിജയാഘോഷം വിവാദത്തിൽ. ഫോക്‌ലാൻഡ്സ് യുദ്ധ പരാമർശമുള്ള ബാനറുമായി മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോ വിജയം ആഘോഷിച്ചതാണ് വിമർശനങ്ങൾക്കു വഴിവച്ചത്. ‘മാൽവിനകൾ അർജന്റീനക്കാരാണ്’ എന്നെഴുതിയ ബാനറാണ് ജിയോവാനി ഉയർത്തിയത്. ഫോക്ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ് എന്നർഥം വരുന്നതാണ് ഈ വാക്കുകൾ.
ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിന്റെ മുൻ താരമായ ലോ സെൽസോയും മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ നിക്കോളാസ് ഒട്ടമെൻഡിയുമാണ് ബാനർ ഗ്രൗണ്ടിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ട്. കളി കാണാനെത്തിയെ ആരാധകരിൽ നിന്നാണ് ഇവർ ബാനർ വാങ്ങിയത്.
മത്സരങ്ങളിൽ രാഷ്ട്രീയ പതാകകൾ, മുദ്രാവാക്യങ്ങൾ, ചിഹ്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിന് കർശനമായ നിരോധനമാണ് ഫിഫയും ഫുട്ബോളിന്റെ നിയമങ്ങൾ സ്ഥാപിക്കുന്ന രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡും (ഐഎഫ്എബി) ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടെ അർജന്റീന താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ടീമിനു മൊത്തത്തിൽ വിലക്കേർപ്പെടുത്തണമെന്നും വാദങ്ങളുണ്ട്.
‘ഉപകരണങ്ങളിൽ രാഷ്ട്രീയ, മതപരമോ വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങൾ, പ്രസ്താവനകൾ, ചിത്രങ്ങൾ എന്നിവ ഉണ്ടാകരുത്. രാഷ്ട്രീയ, മത, വ്യക്തിപര മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ കാണിക്കുന്ന അടിവസ്ത്രങ്ങൾ കളിക്കാർ പുറത്ത് കാണിക്കാൻ പാടില്ല. നിർമാതാവിന്റെ ലോഗോ ഒഴികെയുള്ള പരസ്യങ്ങളും പ്രദർശിപ്പിക്കരുത്. ഈ പറഞ്ഞ ഏതൊരു കുറ്റകൃത്യത്തിനും കളിക്കാരനും/അല്ലെങ്കിൽ ടീമിനും മത്സര സംഘാടകർ, ദേശീയ ഫുട്ബോൾ അസോസിയേഷൻ അല്ലെങ്കിൽ ഫിഫ ശിക്ഷ വിധിക്കും.’’– ഐഎഫ്എബിയുടെ റൂൾബുക്ക് പറയുന്നു.
അർജന്റീന വൈസ് പ്രസിഡന്റ് വിക്ടോറിയ വില്ലാറുവലും ഒരു എക്സ് പോസ്റ്റിലൂടെ വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ‘‘ഫോക്ക്‌ലാൻഡ്‌സ് അർജന്റീനയുടേതാണ്.’ മുദ്രാവാക്യം സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നത് അവർ നിരോധിച്ചു. എന്നാൽ ഈ മുദ്രാവാക്യം ഞങ്ങളുടെ ഹൃദയത്തിലും രക്തത്തിലുമാണുള്ളതെന്ന് അവർ മറന്നു’’– വിക്ടോറിയ എക്സിൽ കുറിച്ചു.


