പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാൻ ജാഗ്രതയോടെ തൃശൂർ സിറ്റി പോലീസ്. പുതുവത്സരാഘോഷത്തിന്റെ മറവിൽ അക്രമം, പിടിച്ചുപറി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം എന്നിവ തടയാൻ പ്രത്യേക പദ്ധതി തയ്യാറാക്കി. ജില്ലയിലൊട്ടാകെ 700 ഓളം പോലീസുദ്യോഗസ്ഥരെ അധികമായി ഡ്യൂട്ടികൾക്കായി വിന്യസിച്ചു. അനധികൃത മദ്യവിൽപ്പന, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം എന്നിവയ്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. അനുമതി വാങ്ങാതേയും, ശബ്ദപരിധി ലംഘിച്ചുമുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കും. അനുവദനീയമല്ലാത്ത പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുവാൻ പാടില്ല.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രത്യേക പരിശോധനകൾ നടത്തും. ന്യൂ ഇയർ പാർട്ടികളിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും കണ്ടെത്താൻ ഷാഡോ പോലീസിനെ വിന്യസിക്കും. ബാറുകളിലും മറ്റ് മദ്യവിൽപ്പനശാലകളിലും സമയപരിധിക്കുശേഷമുള്ള മദ്യവിൽപന അനുവദിക്കില്ല. വ്യാജമദ്യം, വ്യാജകള്ള് എന്നിവയുടെ വിൽപ്പന കണ്ടെത്താൻ ബാറുകളിൽ നിന്നും കള്ളുഷാപ്പുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. നഗരത്തിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പുവരുത്താൻ പ്രത്യേക മേഖലകളാക്കി തിരിച്ച് പട്രോളിങ്ങ് സംഘങ്ങളെ നിയോഗിക്കും.
ജില്ലയിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ വാഹനങ്ങളും നിരീക്ഷിക്കുന്നതിന് ക്യാമറ സംവിധാനം ശക്തമാക്കി. തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 500 ലധികം സിസിടിവി ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം പോലീസ് കൺട്രോൾ റൂമിൽ സജ്ജമാക്കിയിട്ടുണ്ട്.
റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി വാഹന പരിശോധന ഊർജ്ജിതമാക്കും. പള്ളികളിലും ആരാധനാലയങ്ങളിലും രാത്രി പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ സംരക്ഷണം ഉറപ്പുവരുത്തും. രാത്രിസമയത്ത് വീടുപൂട്ടി പ്രാർത്ഥന ചടങ്ങുകളിലും ആഘോഷപരിപാടികളിലും പങ്കെടുക്കാൻ പോകുന്നവർ വീടിനകത്ത് സൂക്ഷിച്ചിരിക്കുന്ന പണത്തിന്റേയും സ്വർണാഭരണങ്ങളുടേയും സുരക്ഷിതത്വം ഉറപ്പാക്കണം.
ലഹരിയുടെ ഉപയോഗം വിപണനം എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ ആൻറി നാർക്കോട്ടിക് സ്പെഷ്യൽ നമ്പരായ 9497927797, 9497979794 (നാർക്കോടിക് സെൽ) എന്നീ നമ്പരിലേക്ക് വിളിച്ച് അറിയിക്കാവുന്നതും അല്ലെങ്കിൽ യോദ്ധാവിൻെറ നമ്പരാായ 9995966666 നമ്പരിലേക്ക് വാട്സാപ് ചെയ്യാവുന്നതുമാണ്. ഇ-മെയിൽ: [email protected] അടിയന്തിര സഹായത്തിന്: 112. –


