ചാവക്കാട് നഗരസഭയും ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയും സംയുക്തമായി സാന്ത്വന പരിചരണ ദിനാചരണവും രോഗീ, ബന്ധു കുടുംബ സംഗമവും സംഘടിപ്പിച്ചു. ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചടങ്ങ് എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച് അക്ബർ അധ്യക്ഷത വഹിച്ചു. സാർവ്വത്രിക സാന്ത്വന പരിചരണം പൊതുജന കൂട്ടായ്മയിലൂടെ എന്ന സന്ദേശമുയർത്തിയാണ് ദിനാചരണം സംഘടിപ്പിച്ചത്. ചടങ്ങിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ ഷാജ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എച്ച് സലാം, പി. യതീന്ദ്രദാസ്, ലിഷ മത്രംകോട്ട്, സഫൂറ ബക്കർ, കെ.പി രഞ്ജിത്ത് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ രാംകുമാർ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, ആശാപ്രവർത്തകർ, താലൂക്ക് ആശുപത്രി ജീവനക്കാർ, രോഗികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


