ദേശീയപാതയിലെ യാത്രാദുരിതവും നിർമാണത്തിലെ അപാകതകളും പരിഹരിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനെത്തിയ കലക്ടറും എസ്പിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സംഘം കണ്ടതു കിലോമീറ്ററുകൾ നീണ്ട വാഹനനിര. ഡിസിആർബി ഡിവൈഎസ്പി സന്തോഷ്, ഇൻസ്പെക്ടർമാരായ അമൃത്‌രംഗൻ (കൊരട്ടി), എം.കെ.സജീവ് (ചാലക്കുടി), ആർടിഒ അനന്തകൃഷ്ണൻ, വെഹിക്കിൾ ഇൻസ്പെക്ടർ കെ.അശോക്‌കുമാർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ജോസ്, ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയർ എ.അമൽ എന്നിവരും സ്ഥലത്തെത്തി.
ദേശീയപാത 544ലെ യാത്രയ്ക്കു മണിക്കൂറുകളോളം ജനം ഗതാഗതക്കുരുക്കിൽപെട്ടു വലയേണ്ടി വന്നതു ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉൾപ്പെടെയുള്ളവർ ഫയൽ ചെയ്ത ഹർജിയെ തുടർന്നു പാലിയേക്കരയിലെ ടോൾ പിരിവു ഹൈക്കോടതി സ്റ്റേ ചെയ്തു ഉത്തരവിടുകയും ഇക്കാര്യം സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.


