പാലക്കാട് : കോളിളക്കം സൃഷ്‌ടിച്ച നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് സജിത വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. 2019ൽ സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തൻ്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്‌പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നിൽ നിന്ന് അകലാൻ കാരണമെന്നും ഇയാൾ വിശ്വസിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര ജനുവരി 27നാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത്. അയൽവാസി കൂടിയായ സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.


