ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പകര്‍ച്ചവ്യാധിക്കാലത്ത് ഡോ.റീന 15 ദിവസം അവധി എടുത്തുവെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഡോ. കെ.ജെ. റീന രംഗത്തെത്തി. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാല്‍ താന്‍ രണ്ടര ദിവസത്തെ അവധി മാത്രമാണ് അപേക്ഷിച്ചതെന്നും ഡോ. റീന പറഞ്ഞു
മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതിനാലും സര്‍ക്കാരിനോട് ആലോചിക്കാതെ ചില നടപടി സ്വീകരിച്ചതിനാലുമാണ് സ്ഥലം മാറ്റമെന്ന്മുരളീധരൻപറഞ്ഞു. പുതിയ സര്‍ക്കാരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചാര്‍ജെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ചര്‍ച്ചയും നടത്താതെ ശബരിമലയിലേക്കു ഡോക്ടര്‍മാരെ നല്കാന് കഴിയില്ലെന്ന് കത്തു നല്‍കിയത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരെ കൊടുക്കില്ലെന്ന് കത്തു നല്‍കിയത്. അത് സര്‍ക്കാരിന്റെ ചുമതല അല്ലേ. അവര്‍ ലീവിന് അപേക്ഷിച്ചതില്‍ തെറ്റില്ല. പക്ഷെ സര്‍ക്കാരിന്റെ സിസ്റ്റത്തിനോടു സഹകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സര്‍വീസിന് തന്നെ വേണ്ടെങ്കില്‍ അവിടെ കടിച്ചുതൂങ്ങി നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ഡോ.റീന പറഞ്ഞു. പക്ഷേ, ഒരിക്കലും ഒരു തെറ്റായ കാര്യം ചിത്രീകരിച്ചിട്ട് ആവരുത് പറഞ്ഞുവിടുന്നതെന്ന് അഭിപ്രായമുണ്ടെന്നും ഡോ.റീന പറഞ്ഞു. ‘‘ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറിക്കു നല്കിയ അപേക്ഷയില്‍ 12ന് ഉച്ചയ്ക്കു ശേഷവും 15, 16 തീയതികളിലുമാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. 30 വര്‍ഷത്തിലേറെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥയോടു കാട്ടുന്ന നീതി നിഷേധമാണിത്. എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ആദ്യം മന്ത്രിയുടെ പിഎസിനോടു തന്നെയാണ് പറഞ്ഞിരുന്നത്. ലീവ് എടുത്ത് വിശ്രമിക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. തുടര്‍ന്ന് മന്ത്രിക്കും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വാട്സാപ്പില്‍ അറിയിപ്പ് നല്‍കിയിരുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല അഡീ.ഡയറക്ടര്‍ വിജിലന്‍സിന് നല്കി. ഇ-ഫയലുകള്‍ വീട്ടിലിരുന്നു നോക്കാമെന്നും ഓണ്‍ലൈന്‍ യോഗങ്ങളില്‍ പങ്കെടുക്കാമെന്നും അറിയിച്ചിരുന്നു.


