ഹൈക്കോടതിയിലേക്ക്. നടൻ ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ വെറുതെ വിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അതിജീവിത അപ്പീൽ നൽകുന്നത്. പ്രമുഖ സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതയ്ക്കായി ഹാജരാകുമെന്നു നിയമപോരാട്ടത്തിന് പിന്തുണ നൽകാൻ രൂപീകരിച്ച ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്’ വ്യക്തമാക്കി. നിയമപോരാട്ടം ചെലവേറിയതാണെന്നും പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും വ്യക്തമാക്കി ധനസമാഹരണത്തിനുള്ള ക്യുആർ കോഡും ട്രസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
ഡബ്ല്യുസിസിയും അതിജീവിതയുടെ തീരുമാനത്തിനു പിന്തുണ പ്രഖ്യാപിച്ചു. ‘‘നീതിക്കായുള്ള നമ്മുടെ സഹപ്രവർത്തകയുടെ തുടർച്ചയായ പോരാട്ടത്തിനു പിന്തുണ നൽകുകയും ധനസഹായം സമാഹരിക്കുകയും ചെയ്യുന്നതിനായി സമാനമനസ്കരായ വ്യക്തികൾ ഒന്നിച്ചുകൂടിയിരിക്കുകയാണ്. വിമൻ ഇൻ സിനിമ കലക്ടീവ് എപ്പോഴും അതിജീവിതയ്‌ക്കൊപ്പം നിന്നിട്ടുണ്ട്, നീതി ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഞങ്ങൾ തുടർന്നും പിന്തുണ നൽകും’’ – ട്രസ്റ്റിന്റെ വാർത്താക്കുറിപ്പ് പങ്കുവച്ചുകൊണ്ട് ഡബ്ല്യുസിസി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.


