വൈദ്യുതി തടസ്സം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിന് ഓരോ സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദ്ദേശിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതികളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് സൗഹാർദ്ദപരമായി പെരുമാറാൻ ജീവനക്കാർ ശ്രദ്ധിക്കണം. ഫോൺ കോളുകളോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകരുത്. വൈദ്യുതി തടസ്സങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കെ.എസ്.ഇ.ബി ജാഗ്രത പുലർത്തണം. ജനപ്രതിനിധികളുടെ സഹായത്തോടെ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കായി നിരന്തര വൈദ്യുതി സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
വൈദ്യുതി ഉത്പാദന, വിതരണ, പ്രസരണ മേഖലകളിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതികൾ കൂടുതൽ സജീവമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ അവലോകന യോഗങ്ങൾ വിളിച്ചുചേർക്കാൻ എം.എൽ.എമാർ മുൻകൈ എടുക്കണം. എം.എൽ.എ ചെയർപേഴ്സണും എക്സിക്യൂട്ടീവ് എഞ്ചിനീയർ കൺവീനറുമായ സമിതി മണ്ഡലതലത്തിലെ പ്രവൃത്തികൾ കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി സോളാർ പാനലുകൾ സ്ഥാപിക്കാൻ പൊതുജനങ്ങൾ തയ്യാറാകുന്നുണ്ടെങ്കിലും, ട്രാൻസ്ഫോർമറുകളുടെ കുറവ് മൂലം കെ.എസ്.ഇ.ബിയിൽ നിന്ന് അനുമതി ലഭിക്കുന്നില്ലെന്ന പരാതി യോഗത്തിൽ എം.എൽ.എമാർ ഉന്നയിച്ചു. ആയിരത്തിലധികം പുതിയ ട്രാൻസ്ഫോർമറുകൾ വാങ്ങിയിട്ടുണ്ടെന്നും ഇവ ആറുമാസത്തിനകം സ്ഥാപിക്കുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. ഇതോടെ സോളാർ പാനലുകൾ കണക്ട് ചെയ്യാനുള്ള ശേഷി വർദ്ധിക്കുമെന്നും അവർ മറുപടി നൽകി.
മലക്കപ്പാറയിലെ രൂക്ഷമായ വൈദ്യുതി പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. നിലവിൽ പരിയാരത്ത് നിന്ന് വനത്തിലൂടെ 60 കിലോമീറ്റർ ലൈൻ വലിച്ചാണ് മലക്കപ്പാറയിൽ വൈദ്യുതി എത്തിക്കുന്നത്. അതിരപ്പിള്ളി കേന്ദ്രീകരിച്ച് പുതിയ സബ് റീജ്യണൽ ഓഫീസ് വന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ, പെരിങ്ങൽക്കൂത്തിലും ഷോളയാറിലും ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ നവീകരിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമോ എന്നതിന്റെ സാധ്യത പരിശോധിക്കാൻ വനംവകുപ്പുമായി ചർച്ച നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
ദേശീയപാതാ അതോറിറ്റി, പി.ഡബ്ല്യു.ഡി ഉൾപ്പെടെയുള്ള മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപനം ആവശ്യമുള്ള പ്രവൃത്തികളിലെ തടസ്സങ്ങൾ നീക്കാൻ ജില്ലാ കളക്ടർ പ്രത്യേക യോഗം വിളിച്ചുചേർക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കെ.എസ്.ഇ.ബിയുടെ നിലവിലുള്ള വിവിധ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് എം.എൽ.എമാരും യോഗത്തിൽ ആവശ്യപ്പെട്ടു.
എം.എൽ.എമാരായ രാജൻ ജെ. പല്ലൻ, സനീഷ് കുമാർ ജോസഫ്, കെ. രാജൻ, സി. രവീന്ദ്രനാഥ്, എൻ.കെ. അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ രാമചന്ദ്രൻ, യു.ആർ. പ്രദീപ്, തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കെ.എസ്.ഇ.ബി ഡയറക്ടര് എം.പി രാജന്, ചീഫ് എഞ്ചിനിയർമാരായ കെ. ദിനേഷ്, ഷാജി സുധാകരൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.


