ന്യൂഡൽഹി ∙ ‘കണ്ണീർവാതക പ്രയോഗത്തിൽ അവൾക്ക് പരുക്കേറ്റു. ആ വേദനയിൽ നിൽക്കെ പൊലീസിന്റെ ലാത്തിച്ചാർജുണ്ടായി. നട്ടെല്ലിനു ക്ഷതമേറ്റു, തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നില്ല എന്നൊക്കെ ഡോക്ടർമാർ പറയുന്നു’– ഡൽഹി റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ മുന്നിലിരുന്ന് മകൾക്ക് സംഭവിച്ചതെന്തെന്ന് ഓർത്തെടുത്തു വിതുമ്പുന്ന അൻപതുകാരി. സിജെപിയുടെ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ് ജീവനുവേണ്ടി പോരാടുന്ന ഡൽഹി ഛത്തർപുർ എക്സ്റ്റൻഷൻ സ്വദേശി സാക്ഷിയുടെ (21) അമ്മ.

WHAT YOU SHOULD READ NEXT
3 ദിവസമായി അത്യാഹിത വിഭാഗത്തിനു മുന്നിൽ സാക്ഷിയുടെ അച്ഛനും സഹോദരനുമുണ്ട്. സാക്ഷിക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത സഹോദരി പരുക്കേറ്റ് വീട്ടിലാണ്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ സാധ്യതയുള്ള ഒരുവാക്ക് പോലും പറയാതിരിക്കാൻ പൊലീസ് സദാ കുടുംബത്തിനു ചുറ്റും ഉണ്ട്. മാധ്യമശ്രദ്ധയിൽ വരാതിരിക്കാൻ ഇന്നലെ ഇവരെ ഐസിയുവിനുള്ളിലെ പ്രത്യേക മുറിയിലേക്കു മാറ്റി. ആശുപത്രി രേഖകളിൽ അജ്ഞാത എന്നാണ് സാക്ഷിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സാക്ഷി സംസാരിക്കുന്നുണ്ടെന്നും വെന്റിലേറ്ററിൽനിന്ന് ഉടൻ മാറ്റുമെന്നും ആശുപത്രി അധികൃതർ പുറമേ പറയുന്നു. അതേസമയം, സ്ഥിതി വഷളാണെന്നു ചികിത്സിക്കുന്ന ടീമിലെ അംഗങ്ങൾ രഹസ്യമായി സമ്മതിക്കുന്നു.


