മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയില്‍ പ്രീ പ്രൈമറി സ്കൂളിനും കമ്യൂണിറ്റി ഹാളിനും കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് ഉന്നതിയില്‍ അങ്കണവാടിക്കും വനംവകുപ്പ് സ്ഥലം നല്‍കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായി ഏഴു വര്‍ഷമായി മുണ്ടേരി വിത്തുകൃഷി തോട്ടത്തിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന തണ്ടന്‍കല്ല് ഉന്നതിക്കാരെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തണ്ടന്‍കല്ലുകാര്‍ മുമ്പ് താമസിച്ചിരുന്ന മുണ്ടേരി വനത്തിനുള്ളിലെ സ്ഥലം വാസയോഗ്യമാണെന്ന് ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്കിയാല് ആ സ്ഥലം ഉടന്‍ കൈമാറും. ഇവിടെ വാസയോഗ്യമല്ലെങ്കില്‍ പകരം ഭൂമി കേന്ദ്ര അനുമതിയോടെ ആറു മാസത്തിനകം കൈമാറാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
വനത്തിനുള്ളിലെ ആദിവാസി ഉന്നതിയിലുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി വനം മന്ത്രി വനത്തിനുള്ളിലെ 36 ഉന്നതികള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ നേരില്‍ കേട്ട് അവയ്ക്ക് പരിഹാരം കാണുന്ന ‘ഊര് ഉണര്‍വ്’ പദ്ധതിക്ക് നിലമ്പൂര്‍ മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആര്യാടന് ഷൗക്കത്ത് എം.എല്‍.എ ആധ്യക്ഷനായി. പട്ടികവര്‍ഗ വകുപ്പുമായി സഹകരിച്ചാണ് സന്ദര്‍ശനം. വാണിയമ്പുഴ, തരിപ്പപൊട്ടി ഉന്നതികളിലായി 43 അപേക്ഷകരില്‍ 39 കുടുംബങ്ങള്‍ക്കുള്ള വനാവകാശ രേഖ മന്ത്രി കൈമാറി. രണ്ട് പേര്‍ക്കുള്ള രേഖ ഒരു മാസത്തിനകവും രണ്ട് പേരുടെ രേകഖള്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. വനംവകുപ്പ് സ്പെഷല്‍ റിസര്‍വ് ഫോഴ്സില്‍ 500 പേരെ നിയമിക്കും. ആദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കായിക ക്ഷമതയുള്ള ആദിവാസി വിഭാഗത്തിലുള്ളവരെ പരിഗണിച്ച ശേഷമേ മറ്റുള്ളവര്‍ക്ക് അവസരം നല്‍കൂ. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി കാടിനെ അറിയുന്ന ആദിവാസി യുവാക്കള്‍ക്ക് ഗൈഡ് കം ഗാര്‍ഡായി പ്രത്യേക പരിശീലനം നല്കി ഇവര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കും. മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതി, കരുളായി ഉള്‍വനത്തിലെ നെടുങ്കയം ഉന്നതി, മാഞ്ചീരി എന്നിവിടങ്ങളിലെത്തിയാണ് വനം മന്ത്രി ഷിബു ബേബിജോണും ആര്യാടന് ഷൗക്കത്ത് എം.എല്‍.എയും ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് പരാതികള്‍ കേട്ടത്.
ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സി.സി.എഫ് ഡോ. പ്രമോദ് ജി കൃഷ്ണന്, സി.സി.എഫുമാരായ കെ. വിജയാനന്ദ്, കെ. കാര്ത്തികേയന്, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ജി. ധനിക്ലാല്, നോര്‍ത്ത് ഡി.എഫ്.ഒ പി.ധനീഷ് കുമാര്‍, പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ ജോസ്, ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം. ബിപിന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
—


