തിരുവനന്തപുരം : കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ചെല്ലാനം ജോൺസൺ ഔസേപ്പിന് ജാമ്യമില്ല. പ്രതിയെ ജയിലിൽ തുടർന്ന് വിചാരണ ചെയ്യാൻ ഉത്തരവിട്ട കോടതി പ്രതി ജോൺസൻറെ റിമാൻറ് 30 വരെ നീട്ടി.തിരുവനന്തപുരം ആറാം അഡീ.
ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
ജനുവരി 21നായിരുന്നു വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (മാളു -30) ആണ് കൊല്ലപ്പെട്ടത്. ആതിരയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൃത്യത്തിന് ദിവസങ്ങൾക്ക് മുമ്ബ് തന്നെ പ്രതി കൊലപ്പെടുത്തുമെന്നു ഭയക്കുന്നതായി പൂജാരിയായ ഭർത്താവിനോട് ആതിര പറഞ്ഞതായുള്ള മൊഴി പൊലീസ് കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിലുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.അതിരയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തി ആതിരയിൽ നിന്ന് ജോൺസൺ ആദ്യം ഒരു ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു.
കൃത്യത്തിന് മൂന്നുദിവസം മുമ്ബും 2500 രൂപ ജോൺസൺ വാങ്ങി.
ആതിര ഒപ്പം പോകാത്തതിൻ്റെ വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ആതിര തനിക്കൊപ്പം വരണമെന്ന് ആതിരയോട് ജോൺസൺ ആവശ്യപ്പെട്ടു. എന്നാൽ കുട്ടിയുള്ളതിനാൽ കൂടെ വരാൻ കഴിയില്ലെന്ന് യുവതി പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം.


