
തുടര്‍ച്ചയായ 10 വര്‍ഷക്കാലത്തെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ച് കുന്നംകുളം നഗരസഭാ വികസന സദസ്സ്. രാജീവ് ഗാന്ധി മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വികസന സദസ്സ് എ.സി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വികസനം എന്ന കാഴ്ചപ്പാടിനും നാടിന്റെ വളര്‍ച്ചയ്ക്കും ഒപ്പം നില്‍ക്കാന്‍ കുന്നംകുളം മുനിസിപ്പാലിറ്റി ഈ പത്തുവര്‍ഷക്കാലം ഒരു വനിതയുടെ നേതൃത്വത്തില്‍ നടത്തിയ അത്ഭുതകരമായ വികസന പ്രവര്‍ത്തനങ്ങളാണ് നമുക്കു മുന്നിലുള്ളതെന്ന് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരവും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ മുഖ്യാതിഥിയായി. നഗരസഭയുടെ പത്ത് വര്‍ഷത്തെ ഭരണ നേട്ടങ്ങളുടെ വികസനരേഖ എ.സി മൊയ്തീന്‍ എംഎല്‍എ വി.കെ ശ്രീരാമന് നല്‍കി പ്രകാശനം ചെയ്തു. വികസന സദസ്സ് റിസോഴ്‌സ് പേഴ്‌സണ്‍ പ്രേമരാജന്‍ ആമുഖാവതരണം നടത്തി. സംസ്ഥാന സര്‍ക്കാരിനായി ജല സുരക്ഷാ പദ്ധതിയുടെ ഭാഗമായി പുസ്തകം രചിച്ച കുന്നംകുളം നഗരസഭയിലെ ശുചിത്വ മിഷന്‍ പ്രതിനിധി മഞ്ജുവിനെയും നഗരസഭയിലെ തിരഞ്ഞെടുത്ത സ്ഥാപനങ്ങളെയും സ്‌കൂളുകളെയും ചടങ്ങില്‍ ആദരിച്ചു. സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ച് ഇന്‍ഫര്‍മേഷന്‍സ് ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ വീഡിയോയും നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ വീഡിയോയും സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.
വീട്, കുടിവെള്ളം, പട്ടികജാതി ക്ഷേമം, വനിതാക്ഷേമം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ സമഗ്ര മേഖലയിലും 650 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ ഭരണ കാലയളവില്‍ നഗരസഭ നടപ്പിലാക്കിയത്. സംസ്ഥാനത്തെതന്നെ മികച്ച ആധുനിക ബസ് സ്റ്റാന്‍ഡ്, കുരുക്കാന്‍പാറയിലെ ഗ്രീന്‍ പാര്‍ക്ക്, താലൂക്ക് ആശുപത്രി, മാലിന്യ സംസ്‌ക്കരണത്തെക്കുറിച്ച് എല്ലാവര്‍ക്കും പഠിക്കാന്‍ സജ്ജമാക്കിയ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍, സീനിയര്‍ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ മൈതാനം, ഇന്‍ഡോര്‍ സ്റ്റേഡിയം, അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് തുടങ്ങിയ സംസ്ഥാനത്തെ ശ്രദ്ധയാകര്‍ഷിച്ച നിരവധി വികസന മാതൃകകള്‍ ഒരുക്കാന്‍ കുന്നംകുളത്തിന് ഈ ഭരണകാലയളവില്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കിയിട്ടുള്ള തദ്ദേശ സ്ഥാപനമാണ് കുന്നംകുളം നഗരസഭ. 1600 ല്‍പ്പരം ഗുണഭോക്താക്കള്‍ക്കാണ് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്.
ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം സുരേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സജിനി പ്രേമന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി. സോമശേഖരന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രിയ സജീഷ്, വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ ഷെബീര്‍, നഗരസഭ സെക്രട്ടറി കെ.കെ മനോജ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.പി സാംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു


