Tuesday, December 9, 2025
spot_img
HomeTOP NEWSപുതുക്കാട് മണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍; അവലോകന യോഗം ചേര്‍ന്നു

പുതുക്കാട് മണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍; അവലോകന യോഗം ചേര്‍ന്നു

പുതുക്കാട് മണ്ഡലത്തിലെ ടൂറിസം പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിദ്ധ്യത്തില്‍ ചിമ്മിനി ഫോറസ്റ്റ് ഐബിയില്‍ യോഗം ചേര്‍ന്നു.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മുനിയാട്ടുകുന്ന്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കുഞ്ഞാലിപ്പാറ എന്നീ ടൂറിസം പദ്ധതികള്‍ക്കായി സ്ഥലം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി കളക്ടര്‍ അറിയിച്ചു. ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്കായി വനംവകുപ്പ് സമര്‍പ്പിച്ച അഞ്ച് കോടി രൂപയുടെ ഡി.പി.ആറില്‍ മൂന്ന് കോടി രൂപയുടെ അനുമതി ലഭിച്ചതായി എം.എല്‍.എ. പറഞ്ഞു.

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചുള്ള ടോയ്ലറ്റ് ബ്ലോക്ക് നിര്‍മ്മാണവും കുടിവെള്ള പദ്ധതിയും ഉടന്‍ ആരംഭിക്കും. പഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് ഒക്ടോബറില്‍ സോളാര്‍ ബോട്ട്, ബഗ്ഗി, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവ സജ്ജമാക്കാനും തീരുമാനമായി. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ ബോട്ട് ലാന്‍ഡിംഗ്, കഫറ്റീരിയ നിര്‍മ്മാണം തുടങ്ങിയവയുടെ എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ചു. 2025-26 ബജറ്റില്‍ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് വ്യൂ പോയിന്റ്, ഗാര്‍ഡന്‍, പാര്‍ക്കിംഗ് ഗ്രൗണ്ട്, സെല്‍ഫി പോയിന്റ് എന്നിവയുടെ നവീകരണത്തിനുള്ള എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് ടൂറിസം മേഖലയില്‍ ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്തു. നിലവില്‍ ചിമ്മിനി ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള കുട്ടവഞ്ചി സവാരിയും മൂന്ന് ട്രക്കിംഗ് പാക്കേജുകളും വിജയകരമായി നടക്കുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യത്തിനായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്തു.

യോഗത്തില്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ചിമ്മിനി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.എം. മുഹമ്മദ് റാഫി, ടൂറിസം പ്രോജക്ട് എഞ്ചിനീയര്‍ കെ.വി. വിദ്യ, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശാരിക വി. നായര്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ്. പ്രദീപ് കുമാര്‍, ജനപ്രതിനിധികളായ എം.എസ്. സുമേഷ്, റോസിലി തോമസ്, അഷറഫ് ചാലിയത്തോടി എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments