തിരുവല്ലയിൽ 19കാരിയെ തീകൊളുത്തി കൊന്ന കേസിൽ പ്രതി അജി റെജിൻ മാത്യുവിന് ജീവപര്യന്തം. ശിക്ഷ വിധിച്ചത് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി. അഞ്ചു ലക്ഷം രൂപ പിഴതുക പ്രതി കൊല്ലപ്പെട്ട കവിതയുടെ മാതാപിതാക്കൾക്ക് കൊടുക്കണം. 2019 മാർച്ച് 12-നാണ് കേസിനാസ്പദമായ സംഭവം. തിരുവല്ല നഗരത്തിൽവെച്ച് കവിയൂർ സ്വദേശിനിയായ കവിത(19)യെ അജിൻ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഹയർ സെക്കൻഡറി ക്ലാസുകളിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു ഇരുവരും. പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.
പെട്രോൾ പമ്ബിൽനിന്ന് മൂന്ന് കുപ്പികളിലായി പെട്രോൾ വാങ്ങിയ പ്രതി, നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി. ശേഷം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത ചികിൽസയിലിരിക്കെയാണ് മരിച്ചത്.


