Saturday, December 13, 2025
spot_img
HomeTOP NEWSഅരിസ്റ്റോ റോഡ് നാടിനു സമർപ്പിച്ചു

അരിസ്റ്റോ റോഡ് നാടിനു സമർപ്പിച്ചു

സാംസ്കാരിക തലസ്ഥാനം, യുനെസ്കോ അംഗീകരിച്ച ലേണിംഗ് സിറ്റി ആയി തിരഞ്ഞെടുത്ത വിദ്യാഭ്യാസ ഹബ്, ഏറെ വാണിജ്യ പ്രധാന്യമുള്ള നഗരം എന്നീ നിലകളിൽ പ്രത്യേക സ്ഥാനമുറപ്പിച്ച് വികസനത്തിന്റെ പുതിയ മാതൃകയായി തൃശ്ശൂർ നഗരി മാറിയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ കാർഷിക പാരമ്പര്യമുള്ള ഏക കോർപ്പറേഷൻ എന്ന നിലയിലുപരി, ബഹുമുഖ വികസന സാധ്യതകളുമായി കോർപ്പറേഷൻ മുന്നേറുകയാണെന്ന് മന്ത്രി അറിയിച്ചു.
അടിസ്ഥാന സൗകര്യ വിപുലീകരണ രംഗത്ത് നഗരത്തിൽ വലിയ മുന്നേറ്റം കൈവരിച്ചതായും നഗരത്തിലെ സുപ്രധാന റോഡുകൾ മുഴുവൻ ആധുനിക ബിറ്റുമിൻ മെക്കാഡം രീതിയിൽ നവീകരിച്ച് ഗതാഗത സൗകര്യം ഉറപ്പാക്കിയതായും മറ്റ് റോഡുകൾ കോൺക്രീറ്റ് ചെയ്ത് യാത്ര സുഗമമാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.

കുറഞ്ഞ കാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ നഗരത്തിൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ പരിപാലനവും വികസനവും ഉറപ്പാക്കിയതായി മന്ത്രി സൂചിപ്പിച്ചു. ശക്തൻ മാർക്കറ്റിന്റെയും അനുബന്ധ വികസനത്തിന്റെയും മുൻകൈ എടുത്തതോടൊപ്പം, ഇഎംഎസ് സ്ക്വയർ ഉൾപ്പെടെ മനോഹരമായ പൊതുസൗകര്യ കേന്ദ്രങ്ങളും സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.

നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന റോഡാണ് അരിസ്റ്റോ റോഡ്. വർഷത്തിൽ രണ്ടുമൂന്നുതവണ പാച്ച് വർക്ക് നടത്തേണ്ട സാഹചര്യമുണ്ടായിരുന്ന ഈ റോഡ്, ഒരു കോടി 50 ലക്ഷം രൂപ ചെലവിൽ ടൈൽ വിരിച്ചും ഇരുവശങ്ങളിലുമുള്ള സൗന്ദര്യവൽക്കരണം പൂർത്തിയാക്കിയും നവീകരിച്ചു. കിഴക്കേകോട്ട ഫാത്തിമ ജംഗ്ഷൻ മുതൽ യുണൈറ്റഡ് റോഡ് അവസാനം വരെയാണ് റോഡ്.

മേയർ എം. കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം. എൽ. റോസി വിശിഷ്ടാതിഥിയായി. പി. ബാലചന്ദ്രൻ എം.എൽ.എ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വർഗീസ് കണ്ടംകുളത്തി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കെ. ഷാജൻ, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കരോളിൻ ജെറിഷ് പെരിഞ്ചേരി, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments