പീച്ചിയിലെ ഭൂചലനത്തിൽ വീടുകൾക്കുണ്ടായ വിള്ളലുകളുമായി ബന്ധപ്പെട്ട് ജിയോളജിസ്റ്റ് സംഘം ഒരിക്കൽ കൂടി സ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
മഴ കുറവായ സാഹചര്യത്തിൽ അടുത്ത വർഷത്തേക്ക് വരൾച്ചാ പ്രതിരോധ പദ്ധതി ഒരു മാസത്തിനകം സമർപ്പിക്കാൻ ജലസേചനം, കെ.എസ്.ഇ.ബി, ജല അതോറിറ്റി, കൃഷി എന്നീ വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി. ജലാശയങ്ങളിലെ നിലവിലെ ജലനിരപ്പ്, കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായിരുന്ന ജലനിരപ്പ്, എത്രത്തോളം വെള്ളം പുറത്തുവിടാൻ സാധിക്കും, ജലലഭ്യതയിൽ കുറവുണ്ടായാൽ എപ്രകാരം പ്രതിസന്ധി പരിഹരിക്കും തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്ന പ്ലാനാണ് വകുപ്പുകൾ സമർപ്പിക്കേണ്ടത്.
ജലസേചന കനാലുകൾ വഴി വെള്ളമെത്തിച്ച് കൃഷി ചെയ്യുന്ന പ്രദേശങ്ങളും, കഴിഞ്ഞ തവണ ജലക്ഷാമം നേരിട്ട സ്ഥലങ്ങളും കണ്ടെത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറോട് നിർദേശിച്ചു. ജല അതോറിറ്റി കുടിവെള്ള വിതരണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കണം. ജില്ലയിൽ എവിടെയെങ്കിലും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് സാധ്യതയുണ്ടോ എന്ന് ഭൂഗർഭജല വകുപ്പ് പരിശോധിക്കണം. എന്നാൽ, നിലവിലെ പരിശോധനയിൽ ഭൂഗർഭ ജലനിരപ്പിൽ വലിയ തോതിലുള്ള കുറവ് കണ്ടെത്തിയിട്ടില്ലെന്ന് ഭൂഗർഭജല വകുപ്പ് യോഗത്തിൽ വ്യക്തമാക്കി.
ട്രീ കമ്മിറ്റി അപകടകരമെന്ന് കണ്ടെത്തിയ മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റാൻ അതത് വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണം. വിദ്യാലയങ്ങളിൽ അപകടകരമായ മരങ്ങൾ ഉണ്ടോയെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട് പരിശോധിക്കും. സ്വകാര്യ സ്കൂളുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ നോട്ടീസ് നൽകാനും സർക്കാർ സ്കൂളുകളിലെ മരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട് മുറിച്ചു മാറ്റാനും തീരുമാനമായി. പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാനും വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
കളക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന യോഗത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ കെ.എസ്. നസിയ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


