Saturday, July 25, 2026
spot_img
HomeREPORTഗോത്ര വിഭാഗത്തിന്റെ  സംരക്ഷണത്തിന് 'ഊരുണര്‍വ്' പദ്ധതി.

ഗോത്ര വിഭാഗത്തിന്റെ  സംരക്ഷണത്തിന് ‘ഊരുണര്‍വ്’ പദ്ധതി.

ഓഗസ്റ്റില്‍ മൂന്ന് ഘട്ടങ്ങളിലായി വനം വകുപ്പിന്റെ അദാലത്തുകള്‍*

വനം വകുപ്പും കര്‍ഷകരും  ഗോത്ര വിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യവും സഹകരണാത്മകവുമാക്കുന്നതിനായി ‘ഊരുണര്‍വ്’ എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടതായി വനം-വന്യജീവി വകുപ്പ് മന്ത്രി.  നെടുങ്കയം ഫോറസ്റ്റ് ബംഗ്ലാവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വനത്തിനുള്ളില്‍ താമസിക്കുന്ന ഗോത്ര വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും കാടിനെക്കുറിച്ചുള്ള അവരുടെ പരമ്പരാഗത അറിവുകള്‍ വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രയോജനപ്പെടുത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നവര്‍ക്ക് ഭൂമി നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും വാണിയമ്പുഴയിലെ അര്‍ഹരായവര്‍ക്ക് ഉടന്‍ ഭൂമി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി നിലവിലുള്ള തടസ്സങ്ങള്‍ പരിഹരിച്ച് സുരക്ഷിതമായ മേഖലകളില്‍ ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വനം വകുപ്പിലേക്ക് പുതുതായി നിയമിക്കുന്ന 500 അംഗ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സില്‍ കായികക്ഷമതയുള്ള ആദിവാസി യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കും. വനമേഖലകളില്‍ ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ആദിവാസി യുവാക്കളെ ഗൈഡുമാരായും ഗാര്‍ഡുമാരായും നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനായി ഓഗസ്റ്റ് മാസത്തില്‍ മൂന്ന് ഘട്ടങ്ങളിലായി വനം അദാലത്തുകള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്കുള്ള ആനുകൂല്യ വിതരണത്തിനായി കര്‍ഷക അദാലത്ത്, അനുമതികള്‍ വേഗത്തിലാക്കാന്‍ എന്‍.ഒ.സി. അദാലത്ത്, നിസ്സാര വനകുറ്റകൃത്യങ്ങള്‍ കോമ്പൗണ്ട് ചെയ്ത് തീര്‍പ്പാക്കുന്നതിനായി വനകുറ്റകൃത്യ (ഒ.ആര്‍.) അദാലത്ത് എന്നിവയാണ് സംഘടിപ്പിക്കുക. തടസ്സങ്ങളില്ലാത്ത എന്‍.ഒ.സി. അപേക്ഷകള്‍ മൂന്ന് മുതല്‍ ആറ് മാസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങളും ആശങ്കകളും നേരിട്ട് മനസ്സിലാക്കി നിലവിലുള്ള നിയമപരിധിക്കുള്ളില്‍ വനം വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments