ഒരു ടി.വി വേണമെന്ന രാമവർമ്മപുരം സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികളുടെ ദീർഘനാളത്തെ ആഗ്രഹം യാഥാർത്ഥ്യമാക്കി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വൃദ്ധസദനം സന്ദർശിച്ച കളക്ടറോട് തങ്ങളുടെ ആഗ്രഹം അന്തേവാസികൾ അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ അന്ന് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ചട്ടങ്ങൾ മാറിയതോടെ കളക്ടർ തന്റെ വാക്ക് പാലിക്കുകയായിരുന്നു. സ്പീക്കർ അടക്കമുള്ള സംവിധാനത്തോടുകൂടിയ സ്മാർട്ട് ടിവി ആണ് കളക്ടർ രാമവർമ്മപുരത്തെ മുത്തശ്ശന്മാർക്ക് മുത്തശ്ശിമാർക്കും എത്തിച്ചു നൽകിയത്.
വൃദ്ധസദനത്തിൽ നടത്തിയ ചടങ്ങിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ടി.വി കൈമാറി. വൃദ്ധസദനം സൂപ്രണ്ട് ജയകുമാർ, ഓക്സിജൻ തൃശൂർ ബ്രാഞ്ച് മാനേജർ രാജേഷ് എന്നിവരും പങ്കെടുത്തു.
തൃശൂർ ഓക്സിജൻ ഡിജിറ്റൽ ഷോപ്പാണ് വയോജനങ്ങൾക്കായുള്ള ടി.വി സ്പോൺസർ ചെയ്തത്.


