പെരിന്തൽമണ്ണ ∙ പുലർച്ചെയുള്ള നിലമ്പൂർ–ഷൊർണൂർ മെമു സർവീസിന് നാളെ മുതൽ സമയമാറ്റം. കൂടുതൽ കണക്‌ഷൻ ട്രെയിനുകൾക്ക് സാധ്യത തുറക്കുന്നതാണ് പുതിയ മാറ്റം. പുതുക്കിയ സമയക്രമം പ്രകാരം നിലമ്പൂരിൽ നിന്ന് പുലർച്ചെ 3.10 ന് പുറപ്പെടുന്ന ട്രെയിൻ 3.22 ന് വാണിയമ്പലത്തും 3.45 ന് അങ്ങാടിപ്പുറത്തും 4.20 ന് ഷൊർണൂരിലും എത്തും. ഇതുവരെ 3.40 ന് ആരംഭിച്ചിരുന്ന ട്രെയിൻ 4.55 ന് ആണ് ഷൊർണൂരിലെത്തിയിരുന്നത്. ഇതുവഴി പുതുതായി 4.30 ന് ഷൊർണൂരിൽ നിന്നുള്ള എറണാകുളം മെമുവിന് കണക്‌ഷൻ ലഭിക്കും. ഇതിൽ നേരിട്ട് ആലപ്പുഴ എത്താം. കൂടാതെ പാലക്കാട്–കോയമ്പത്തൂർ–ചെന്നൈ ഭാഗത്തേക്ക് 4.50 ന് വെസ്‌റ്റ്കോസ്‌റ്റ് സൂപ്പർ ഫാസ്‌റ്റും ലഭിക്കും. രാവിലത്തെ മെമുവിനു പോയാൽ ഷൊർണൂരിൽ നിന്ന് 3 ദിശകളിലേക്കും ഇനി കണക്‌ഷൻ ട്രെയിൻ ലഭിക്കും.


