കൊച്ചി: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ കുറവ് വരുത്തുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികൾ ഉറപ്പു നൽകുകയായിരുന്നു വ്യവസായികൾക്കും കർഷകർക്കും ഉപഭോക്‌താക്കൾക്കും ഒരു പോലെ സഹായകരമാകുന്ന രീതിയിൽ വിലക്കയറ്റം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. സപ്ലൈക്കോയ്ക്ക് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകുന്ന വ്യവസായികൾക്ക് 15 ദിവസത്തിനകം തുക നൽകുമെന്ന് മന്ത്രിമാർ ഉറപ്പു നൽകി. മായം ചേർത്ത എണ്ണ വിപണിയിലെത്തുന്നതിൽ പരിശോധനകൾ ശക്തമാക്കുമെന്നും കർശനം നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
വെളിച്ചെണ്ണയിൽ കേരളത്തിൻറെ ഉത്പാദനം ശക്തിപ്പെടുത്താൻ വ്യവസായ വകുപ്പ് തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 13 കമ്ബനികൾക്ക് നന്മയെന്ന കേരള ബ്രാൻഡ് നൽകിയിട്ടുണ്ട്. കേരളത്തിൽ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും വ്യവസായ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വില വർധിക്കുന്നത് സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലേക്ക് നയിച്ച സാഹചര്യത്തിലായിരുന്നു ഈ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ യോഗം വിളിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ അറുപതോളം വ്യവസായികൾ പങ്കെടുത്തു


