പരാതിക്കാരിയുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍, തങ്ങള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നതോടെയാണ് അകൽച്ചയുണ്ടായതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. പരാതിക്കാരിയുടെ സ്വകാര്യതയെ ബാധിക്കുന്നതായിരുന്നു ഇത്. വോയ്സ് ക്ലിപ്പുകള്‍ പുറത്തുവിട്ടത് താനാണെന്ന് പരാതിക്കാരി സംശയിച്ചു. ആരാണ് ഇത് പുറത്തുവിട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്. ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍നിന്ന് പരാതിക്കാരി കുറെ നാളത്തേയ്ക്ക് അവധി എടുത്തിരുന്നു. തിരികെ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ താനുമായി അടുപ്പത്തിലാണെന്ന് എഴുതി നല്‍കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടെന്ന് പരാതിക്കാരി പറഞ്ഞിട്ടുണ്ട്.
പരാതിക്കാരി വിവാഹിതയായിരുന്നുവെന്നും അകന്ന് കഴിയുകയാണെന്നും അറിയാമായിരുന്നു. അതിനാല്‍ വോയ്സ് ക്ലിപ്പുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പരാതി ഇപ്പോള്‍ ഉന്നയിക്കേണ്ടതില്ലെന്നായിരുന്നു ഇരുവരും തീരുമാനിച്ചത്. എന്നാല്‍, താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ മാധ്യമങ്ങള്‍ വ്യാപക പ്രചാരണം നല്‍കി. എതിര്‍പക്ഷത്തുള്ളവര്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നത്. തങ്ങള്‍ തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. എന്നാല്‍, പോലീസ് പിന്നാലെയുള്ളതിനാല്‍ ഇത് ഹാജരാക്കാനാകുന്നില്ലെന്നും രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നു.
രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് നടക്കുന്നതെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. ഏറെ വൈകിയ പരാതി മുഖ്യമന്ത്രിയ്ക്ക് നേരിട്ടാണ് നല്‍കിയത്. ഇതുവരെ എഫ്ഐആറിന്റെയോ മൊഴിയുടെയോ പകര്‍പ്പ് തനിയ്ക്ക് ലഭിച്ചിട്ടില്ല. വൈകിയുള്ള പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകാന്‍ അവസരം ലഭിച്ചാല്‍ ഒരോ കാര്യങ്ങളും വിശദീകരിക്കാന്‍ തയ്യാറാണ്. ഉഭയ സമ്മതപ്രകാരമുള്ള ബന്ധത്തില്‍ പിന്നീട് വിള്ളലുണ്ടായതിന്റെ പേരില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് ഇരയാക്കി എന്നത് വസ്തുതകളെ തെറ്റായി അവതരിപ്പിക്കാന്‍ അന്വേഷണ ഏജന്‍സി പറയുന്നതാണ്. ഇത് സ്ഥാപിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ട്. അതിനാല്‍ തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയില്‍ രാഹുൽ ആവശ്യപ്പെടുന്നത്.


