തദ്ദേശ തിരഞ്ഞെടുപ്പിനെത്തുടർന്ന് വിദ്യാഭ്യാസ കലണ്ടർ താളംതെറ്റിയെങ്കിലും സ്‌കൂൾ അർധവാർഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താൻ ആലോചന.
ക്രിസ്മസ് അവധി പുനഃക്രമീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി.
ഡിസംബർ 15-ന് പരീക്ഷ ആരംഭിക്കും. 23-ന് പൂർത്തിയാക്കി സ്കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്‌കൂൾ തുറന്നശേഷം ജനുവരി ഏഴിനുനടക്കും.
അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ രണ്ടുഘട്ടമായി പരീക്ഷ നടത്താനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ, അവധിക്കുമുൻപും ശേഷവുമായുള്ള പരീക്ഷ വിദ്യാർഥികളിൽ മാനസികസമ്മർദം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.


