Thursday, July 16, 2026
spot_img
HomeKERALAഐ&പിആര്‍ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറംവാര്‍ത്താക്കുറിപ്പ് -110.07.2026

ഐ&പിആര്‍ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറംവാര്‍ത്താക്കുറിപ്പ് -110.07.2026

അസാപില്‍ ഫിറ്റ്‌നെസ് ട്രെയിനര്‍ കോഴ്‌സ്

അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫൈഡ് ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-9495999704.


സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം

അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ മക്കള്‍ക്കായുള്ള 2026-27 വര്‍ഷത്തെ സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍, പി.എഫ്.എം.എസ്, നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ എന്നിവ മുഖേനയാണ് അപേക്ഷിക്കേണ്ടത്.  ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 1 വരെ ക്ലാസുകളില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജാതി, മതം, വരുമാനം എന്നിവയൊന്നും ഈ സ്‌കോളര്‍ഷിപ്പിന് ബാധകമല്ല. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 10 ശതമാനം അധിക തുക ലഭിക്കും. എന്നാല്‍, ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.  രക്ഷിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടിലാണ് ജോലി ചെയ്യുന്നതെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിയുടെയോ സാമൂഹ്യക്ഷേമ ഓഫീസറുടെയോ സാക്ഷ്യപത്രവും മറ്റ് ആവശ്യമായ രേഖകളും സ്‌കൂള്‍ മേധാവി മുന്‍പാകെ ഹാജരാക്കണം. സ്‌കൂളുകളില്‍ നിന്നും ഇ-ഗ്രാന്റ്‌സ് ലോഗിന്‍ വഴി ഓണ്‍ലൈനായി വേണം അപേക്ഷകള്‍ ഫോര്‍വേഡ് ചെയ്യാന്‍. ഓഗസ്റ്റ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാണ്. ഫോണ്‍: 0483 2734901.

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ പി.ജി മൂന്നാം സെമസ്റ്റര്‍ സീറ്റുകളില്‍ ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ വിവിധ പി.ജി കോഴ്‌സുകളുടെ മൂന്നാം സെമസ്റ്റര്‍ ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  ഒഴിവുകള്‍ താഴെ പറയുന്ന വിഭാഗങ്ങളിലാണ്:  എം.എ അറബിക്: (ഇടിബി -01 ഒഴിവ്), എം.എ ഇംഗ്ലീഷ് (ഓപണ്‍-01 ഒഴിവ്), എം.എസ്.സി ഫിസിക്‌സ് (ഇ.ഡബ്ലിയു.എസ്.-01 ഒഴിവ്). താത്്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 13 ന് രാവിലെ 11 നകം കോളേജ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍-04933 227370.

സി റെസ്‌ക്യൂ ഗാര്‍ഡ് നിയമനം

കേരള ഫിഷറീസ് വകുപ്പ് മലപ്പുറം ജില്ലയില്‍ ട്രോളിംഗ് നിരോധന കാലയളവിന് ശേഷം കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി സി റെസ്‌ക്യൂ ഗാര്‍ഡുമാരെ താത്കാലികമായി നിയമിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ജൂലൈ 18-ന് രാവിലെ 11 ന് ചന്തപ്പടിയിലുള്ള പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കും.

രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് അവസരം. അപേക്ഷകര്‍ 20-നും 60-നും മധ്യേ പ്രായമുള്ളവരും പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരുമായിരിക്കണം. ഇന്റര്‍വ്യൂവിനോടൊപ്പം നീന്തല്‍ പരിശോധനയും ഉണ്ടായിരിക്കും.

താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0494-2667428.

സീസണ്‍ സ്റ്റാഫിനെ (ക്ലര്‍ക്ക്) ആവശ്യമുണ്ട്

2026 ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ക്ലര്‍ക്കുമാരെ (സീസണല്‍) ആവശ്യമുണ്ട്. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പാസായിരക്കണം . കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും ഹജ്ജ് അപേക്ഷകള്‍ ഓണ്‍ലൈനായി ചെയ്ത് പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. അഭിമുഖം ജൂലൈ 13 ന് രാവിലെ 10.30 ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.

മത്സ്യഫെഡ് -മികവ് 2026 വിദ്യാഭ്യാസ അവാര്‍ഡ്

2025-26  അധ്യയന വര്‍ഷത്തില്‍  എസ്.എസ്.എല്‍.സി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ/ സി.ബി.എസ്.ഇ എന്നീ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്‌ളസ് കരസ്ഥമാക്കിയ മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ  സംഘങ്ങളില്‍ അംഗങ്ങളായ  മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ 11 ന് രാവിലെ 10 ന് സംഗമം റസിഡന്‍സി താഴെപാലം തിരൂരില്‍ നടക്കും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ അധ്യക്ഷത വഹിക്കും.

തിരൂരില്‍ ദേശീയ മത്സ്യകര്‍ഷക ദിനാചരണം: കര്‍ഷകരെ ആദരിച്ചു

ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളില്‍ മത്സ്യകര്‍ഷകരെ ആദരിച്ചു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ഓരോ മത്സ്യഭവനില്‍ നിന്നുമുള്ള തലമുതിര്‍ന്ന കര്‍ഷകരെ പ്രത്യേകം ആദരിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്‌ന കുളങ്ങരവീട്ടില്‍ മുഖ്യാതിഥിയായിരുന്നു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു മംഗലശ്ശേരി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബൂബക്കര്‍ ടി.ഇ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ക്രോപ്പ് ഇന്‍ഷുറന്‍സ് എന്നിവയെക്കുറിച്ച് ഫിഷറീസ് ഓഫീസര്‍ അബ്ദുല്‍ വാജിദും മത്സ്യമേഖലയിലെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെക്കുറിച്ച് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ രവീന്ദ്രന്‍ എം. എന്നിവരും ക്ലാസുകളെടുത്തു.  മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (ഇന്‍ചാര്‍ജ്ജ്) പി. ആര്‍. രാജേഷ് സ്വാഗതവും ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍  ശ്രുതി കെ. നന്ദിയും പറഞ്ഞു. വിവിധ ജനപ്രതിനിധികളും ഫിഷറീസ് ജീവനക്കാരും ഉള്‍പ്പെടെ ഇരുന്നൂറിലധികം മത്സ്യകര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.

ടെന്‍ഡര്‍ ക്ഷണിച്ചു

അലിഗഡ് മുസ്ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 1,200 റബ്ബര്‍ മരങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് ടാപ്പിങ് നടത്തി ലാറ്റക്സ് ശേഖരിക്കുന്നതിനായി മുദ്രവെച്ച ടെന്‍ഡര്‍/ലേലം ക്ഷണിച്ചു.

താത്പര്യമുള്ളവര്‍ 75,000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (ഡയറക്ടര്‍, എ.എം.യു. മലപ്പുറം സെന്റര്‍, പെരിന്തല്‍മണ്ണ എന്ന പേരില്‍) സഹിതം അപേക്ഷിക്കണം. പ്രവൃത്തി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്‍കൂട്ടി അനുമതി വാങ്ങി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെ റബ്ബര്‍ തോട്ടം സന്ദര്‍ശിച്ച് പരിശോധിക്കാം.

കരാര്‍ കാലാവധി 2026 ഓഗസ്റ്റ് ഒന്നു മുതല്‍ 2029 ജൂലൈ 31 വരെയാണ്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 29 ഉച്ചയ്ക്ക് ഒരു മണി. ലേലം ജൂലൈ 30-ന് വൈകിട്ട് 3 മണിക്ക്  നടക്കും. കൂടുതല്‍ വിവരങ്ങള്‍ https://www.amu.ac.in/amucentres/amu-malappuram-centre-kerala എന്ന വെബ്സൈറ്റിലും 9961124211 എന്ന നമ്പറിലും ലഭ്യമാണ്.

ടെന്‍ഡര്‍ ക്ഷണിച്ചു

അലിഗഡ് മുസ്ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 100 കവുങ്ങുകളില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് വിളവെടുപ്പ് നടത്തുന്നതിനായി മുദ്രവെച്ച ടെന്‍ഡര്‍/ലേലം ക്ഷണിച്ചു.

താത്പര്യമുള്ളവര്‍ 5,000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (ഡയറക്ടര്‍, എ.എം.യു. മലപ്പുറം സെന്റര്‍, പെരിന്തല്‍മണ്ണ എന്ന പേരില്‍) സഹിതം അപേക്ഷ സമര്‍പ്പിക്കണം. പ്രവൃത്തി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി അനുമതി വാങ്ങി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെ കവുങ്ങുതോട്ടം സന്ദര്‍ശിച്ച് പരിശോധിക്കാം.

കരാര്‍ കാലാവധി 2026 ഓഗസ്റ്റ് 1 മുതല്‍ 2029 ജൂലൈ 31 വരെ ആയിരിക്കും. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 29 ഉച്ചയ്ക്ക് 1 മണി. ലേലം ജൂലൈ 30-ന് വൈകിട്ട് 3.30-ന് നടക്കും.

തൊഴില്‍ മേള

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ജൂലൈ 14ന് തൊഴില്‍ മേള നടക്കും. എസ്.എസ്.എല്‍.സി.മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് അഭിമുഖം നടക്കുക.  മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലാണ് നിയമനം. മുന്‍പ് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ ഫീസടച്ച്  സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ ആറു പകര്‍പ്പുകള്‍, ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 10 ന് നേരിട്ട് ഹാജരാകണം.  ഫോണ്‍: 0483-2734737, 8078428570.

ക്വട്ടേഷന്‍ ക്ഷണിച്ചു

നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെയും സബ്‌സെന്ററിലെയും കാലപ്പഴക്കം വന്ന ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 22 ന് ഉച്ചയ്ക്ക് രണ്ടിനകം ക്വട്ടേഷന്‍ നന്നമ്പ്ര എഫ്.എച്ച.സി.ഓഫീസില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍- 0494- 2483801.

ക്വട്ടേഷന്‍ ക്ഷണിച്ചു

നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപയോഗ ശൂന്യമായ പഴയ കെട്ടിടം ലൊളിച്ചു നീക്കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 27 ഉച്ചക്ക് രണ്ടിനകം ക്വട്ടേഷന്‍ ലഭിക്കണം.

റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്.വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള തിയതി ദീര്‍ഘിപ്പിച്ചു

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കുന്നതിനുള്ള സമയം ജൂലൈ 17 വരെ ദീര്‍ഘിപ്പിച്ചു. അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ നിശ്ചിത തിയ്യതിക്കകം ഓണ്‍ലൈനായി അപേക്ഷിക്കണം.

ജില്ലാ കളക്ടര്‍ പൊന്നാനി താലൂക്ക് ഓഫീസ് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍ പൊന്നാനി താലൂക്ക് ഓഫീസിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. താലൂക്ക് ഓഫീസിലെ വിവിധ പ്രവര്‍ത്തനങ്ങളും പുരോഗതിയും വിശകലനം ചെയ്തു. കലക്ട്രേറ്റിലെ താലൂക്കിന്റെ ചാര്‍ജ്ജുള്ള ഡെപ്യൂട്ടി കലക്ടര്‍, സീനിയര്‍ സൂപ്രണ്ട് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വില്ലേജ് തലത്തിലും താലൂക്ക് താലത്തിലും കുടിശ്ശികയള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഈ ഡിസ്ട്രിക്ട് അപേക്ഷകള്‍, സി എം ഒ , സി. എം. ഡി.ആര്‍.എഫ് അപേക്ഷകളുടെ പുരോഗതി, ഫ്‌ലഡ് റിലീഫുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങള്‍, ഇന്‍സ്‌പെക്ഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട പരിശോധനകളുടെ വിവരം തുടങ്ങിയവ വിലയിരുത്തി. പൊന്നാനി താലൂക്ക് ഓഫീസിന്റെനികുതി പിരിവുമായി ബന്ധപ്പെട്ട കെ.ബി.ടി, അടിസ്ഥാന നികുതി, ആര്‍.ആര്‍ കലക്ഷന്‍, ബാലന്‍സ് റിപ്പോര്‍ട്ട്, പട്ടയ അപേക്ഷകളുടെ നിജസ്ഥിതി, ഭൂ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, 2027 ലെ സെന്‍സസുമായി ബന്ധപ്പെട്ട നിലവിലെ പുരോഗതി, പൂര്‍ത്തിയാക്കിയ എച്ച്. എല്‍. ബികളുടെ  വിവരം താലൂക്ക് തലത്തിലുള്ള ശതമാനം എന്നിവ കളക്ടര്‍ അവലോകനം ചെയ്തു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് പൊന്നാനി താലൂക്ക് നേരിടുന്ന വെല്ലുവിളികളും വിലയിരുത്തി.  ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതിന് എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

(ഫോട്ടോസഹിതം)

സപ്പോര്‍ട്ടിംഗ് എന്‍ജിനീയര്‍ നിയമനം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ‘ഇ-ഗ്രാന്റ്‌സ്’ മുഖേനയുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സപ്പോര്‍ട്ടിംഗ് എന്‍ജിനീയര്‍മാരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത: ബി.ടെക് (കംപ്യൂട്ടര്‍ സയന്‍സ്/ ഐടി), എം.സി.എ., എം.എസ്.സി.ഐ.ടി., അല്ലെങ്കില്‍ എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ്. അപേക്ഷകര്‍ക്ക് 35 വയസ്സ് കവിയരുത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 18-നകം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍-0483-2734901.

ജനസാക്ഷ്യം അദാലത്ത് ജില്ലാതല ഉദ്ഘാടനം ജൂലൈ 13 ന്

പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നേരിട്ട് ജനങ്ങളിലേക്ക്. തീര്‍പ്പാക്കാത്ത പരാതികള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ജനസാക്ഷ്യം’ പരാതി പരിഹാര അദാലത്തിന് ജൂലൈ 13ന് തുടക്കമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിത്യേന പരാതികളുമായി നിരവധിയാളുകള്‍ ജില്ലാ പഞ്ചായത്തിലും കലക്ട്രേറ്റിലും എത്തുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ അവരിലേക്ക് നേരിട്ടെത്തുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അടിസ്ഥാനത്തിലാണ് അദാലത്തുകള്‍ നടക്കുക. നഗരസഭാ പരിധിയിലെ ജനങ്ങളെയും അദാലത്തിന്റെ ഭാഗമാക്കും. എല്ലാ അദാലത്തുകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ഹെല്‍പ്പ് ഡഡ്ക്കുകള്‍ പ്രവര്‍ത്തിക്കും. ജനസാക്ഷ്യം അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം 13ന് രാവിലെ ഒന്‍പതിന് ആനക്കയം ഗ്രാമ പഞ്ചായത്തിലെ ബിസ്മി ഓഡിറ്റോറിയത്തില്‍ നടക്കും. വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ പരാതികള്‍ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.പി സ്മിജി, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷാഹിന നിയാസി, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരാതി തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥരും

ജനസാക്ഷ്യം പരാതി പരിഹാര അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കാന്‍ ജനപ്രതിനിധികള്‍ക്കും ജില്ലാ കലക്ടര്‍ക്കും കൂടെ ഉദ്യോഗസ്ഥ സംഘവും എത്തും. ജില്ലാ പൊലീസ് മേധാവി, സബ് കളക്ടര്‍മാര്‍, ഡെപ്യൂട്ടി കലക്ടമാര്‍, തഹസില്‍ദാര്‍, തദ്ദേശസ്ഥാപന ജോയിന്റ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, അഗ്രിക്കള്‍ച്ചര്‍ പ്രിന്‍സിപ്പല്‍  ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, തൊഴിലുറപ്പ്  ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, സര്‍വെയും ഭൂരേഖയും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍, ജില്ലാ രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍, ജില്ലാ ജിയോളജിസ്റ്റ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ഡി.ടി.പി.സി സെക്രട്ടറി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ഐ.ടിമിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം അദാലത്തില്‍ ഉണ്ടാകും.

ഫോട്ടോക്യാപ്ഷന്‍: ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ പൊന്നാനി താലൂക്ക് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗം

ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളില്‍ നടന്ന മത്സ്യ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങില്‍ നിന്നും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments