ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസിൽ ഇപ്പോൾ അറസ്റ്റിലായ പത്മകുമാറിന് പുറമെ കൂടുതൽ സി പി എം നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും കെ.
പി. സി. സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് പറഞ്ഞു.കളവിന് നേതൃത്വം കൊടുത്ത പത്മകുമാറിനെ വൈകിയെങ്കിലും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം നിർബന്ധിതമായിരിക്കുകയാണ്. ഈ കേസിൽ രാഷ്ട്രീയ നേതാക്കൾ പ്രതികളാണെന്ന് ഹൈക്കോടതി പല തവണ പറഞ്ഞെങ്കിലും രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പ്രതികൾ രക്ഷ പ്പെടുകയായിരുന്നു. തെളിവുകൾ കൃത്യമായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് പത്മകുമാർ അറസ്റ്റ് ചെയ്യപ്പെട്ടത്. വാസുവിനു പിന്നാലെ പത്മകുമാറും അകത്തായി. കൂടുതൽ സി.പി.എം നേതാക്കൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.ശബരിമലയിൽ 2019 മുതൽ 2025 വരെ നടന്ന കാര്യങ്ങൾ അന്വേഷിക്കണം. ഗൂഢാലോചനയും ചതിയും വഞ്ചനയുമാണ് നടത്തിയിട്ടുള്ളത്. ഇതിൽ ഉൾപ്പെട്ടവരെ ചോദ്യം ചെയ്‌ത് നഷ്ടപ്പെട്ട കോടികളുടെ സ്വർണ്ണം വിണ്ടെടുക്കണം. സ്വർണ്ണം ആർക്ക് വിറ്റു, എത്ര പണം കിട്ടി തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.


