വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം ടിന്നനൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വിഡി12’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.
2025 മാർച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും. വ്യത്യസ്തമായ രീതിയില്‍ വിജയ് ദേവരകൊണ്ടയെ പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് താല്‍കാലികമായ് നല്‍കിയ പേരാണ് ‘വിഡി12’.
സിത്താര എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ഫോർച്യൂണ്‍ ഫോർ സിനിമാസിൻ്റെ ബാനറില്‍ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണമാണ് നിലവില്‍ പൂർത്തിയാക്കിരിക്കുന്നത്. ചിത്രത്തിന്റെ യഥാർത്ഥ പേരും ഫസ്റ്റ് ലുക്കും ഓഗസ്റ്റില്‍ പുറത്തുവിടും. ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് പ്രേക്ഷകരുടെ പ്രിയ സംഗീതസംവിധായകൻ റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും വരും ദിവസങ്ങളിലായ് നിർമ്മാതാക്കള്‍ അറിക്കും.
നാനി നായക കഥാപാത്രത്തെ അവതരിപ്പിച്ച് 2019 ഏപ്രില്‍ 19ന് റിലീസ് ചെയ്ത സ്പോർട് ഡ്രാമ ചിത്രം ‘ജേഴ്സി’, സുമന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2017 ഡിസംബർ 8ന് പുറത്തിറങ്ങിയ തെലുഗ് റൊമാന്റിക് ഡ്രാമ ചിത്രം ‘മല്ലി രാവ’ എന്നിവ ഗൗതം ടിന്നനൂരി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ഗൗതം ടിന്നനൂരിയുടെ ഏറ്റവും പുതിയ ചിത്രമായ ‘വിഡി12’ലൂടെ പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കള്‍.
ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ, ജോമോൻ ടി ജോണ്‍, ചിത്രസംയോജനം: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, പിആർഒ: ആതിര ദില്‍ജിത്ത്.