UN അഭയാര്‍ഥി ഏജൻസിയെ നിരോധിച്ച്‌ ഇസ്രയേല്‍; ദുരിതം വര്‍ധിക്കും, ആശങ്കയറിയിച്ച്‌ രാജ്യങ്ങള്‍

 ഐക്യരാഷ്ട്ര സഭയുടെ പലസ്തീൻ അഭയാർഥി ഏജൻസി ഉൻവ (UNRWA) യെ നിരോധിക്കുന്ന നിയമം ഇസ്രയേല്‍ പാർലമെൻ്റ് പാസാക്കി.

ഉൻവയ്ക്ക് ഇനി ഇസ്രയേലിലും ഇസ്രയേല്‍ അധീന കിഴക്കൻ ജറുസലേമിലും പ്രവർത്തിക്കാനാവില്ല. ഇസ്രയേല്‍ ഉദ്യോഗസ്ഥരും ഏജൻസി ജീവനക്കാരും തമ്മില്‍ ബന്ധപ്പെടുന്നതിനും വിലക്കുണ്ട്. ഗാസയിലും ഇസ്രയേല്‍ അധിനിവേശ വെസ്റ്റ്ബാങ്കിലും ഏജൻസി നടത്തിവരുന്ന പ്രവർത്തനങ്ങള്‍ ഇതോടെ പരിമിതമാവും.

തിങ്കളാഴ്ച വൈകുന്നേരമാണ് ഇസ്രായേല്‍ പാർലമെൻ്റായ നെസെറ്റ് ഉൻവയെ നിരോധിക്കുന്നതടക്കമുള്ള രണ്ട് ബില്ലുകളും ഭൂരിപക്ഷത്തോടെ അംഗീകരിച്ചത്. ഉൻവയെ “ഭീകരപ്രവർത്തനങ്ങളുടെ മറയായി” ഉപയോഗിക്കുന്നുവെന്നാണ് നിയമനിർമ്മാണം അവതരിപ്പിച്ചുകൊണ്ട്, നെസെറ്റിൻ്റെ വിദേശകാര്യ-സുരക്ഷാ കമ്മിറ്റി ചെയർമാൻ യൂലി എഡല്‍സ്റ്റൈൻ ആരോപിച്ചത്. ”ഹമാസ് എന്ന തീവ്രവാദ സംഘടനയും ഉൻവയും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. ഇസ്രായേലിന് ഇത് സഹിക്കാൻ കഴിയില്ല” – എഡല്‍സ്റ്റൈൻ പറഞ്ഞു.

യുദ്ധത്താല്‍ വലഞ്ഞ ഗാസയിലേക്ക് സഹായമെത്തിക്കാനായി യു.എൻ ഏജൻസിക്ക് ഇസ്രയേല്‍ സൈന്യവുമായി സഹകരിക്കേണ്ടതുണ്ട്. ഗാസയില്‍ നേരിട്ട് പ്രവർത്തിക്കുന്ന ഏക യു.എൻ. സംഘടനയും ഇതുതന്നെയാണ്. നിയമം പാസാക്കിയതോടെ ഏജൻസിയുടെ കിഴക്കൻ ജറുസലേമിലെ ആസ്ഥാനമന്ദിരം അടയ്ക്കും. ഏജൻസിയുടെ ജീവനക്കാർക്ക് ഇസ്രയേലില്‍ നിയമപരമായ സഹായവും ലഭിക്കില്ല. അമേരിക്ക, യു.കെ, ജർമ്മനി എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇസ്രയേലിന്റെ ഈ നീക്കത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു.

ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത് ഇസ്രായേല്‍-പലസ്തീൻ സംഘർഷം പരിഹരിക്കുന്നതിന് സഹായിക്കില്ലെന്നും മേഖലയിലെ മൊത്തത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഹാനികരമാവുമെന്നും യുഎൻ സെക്രട്ടറി ജനറല്‍ അൻ്റോണിയോ ഗുട്ടെരസ് പറഞ്ഞു. ഇസ്രയേല്‍ നീക്കം പലസ്തീൻകാരുടെ ദുരിതം വർധിപ്പിക്കുകയേ ഉള്ളൂവെന്ന് അൻവയുടെ മേധാവി ഫിലിപ്പ് ലസാരിനിയും പ്രതികരിച്ചു.

പതിറ്റാണ്ടുകളായി ഇസ്രയേല്‍ എതിർക്കുന്ന സംഘടനയാണ് ഉൻവ. സമീപ വർഷങ്ങളില്‍ ഈ എതിർപ്പ് രൂക്ഷമായിരുന്നു. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തില്‍ 19 ഉൻവ പ്രവർത്തകർ പങ്കെടുത്തതായാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഗാസയില്‍ ഉൻവ ജീവനക്കാർ ഹമാസുമായി ഒത്തുകളിച്ചെന്നും അവർ പറയുന്നു.

പലസ്തീൻ അഭയാർഥികള്‍ക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയായ ഉൻവ ഗാസയിലെ ദശലക്ഷക്കണക്കിന് പലസ്തീനികള്‍ക്കായി ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും ഉള്‍പ്പെടെ നിരവധി സേവനങ്ങളും പിന്തുണയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വർഷം യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഏജൻസിയുടെ സാന്നിധ്യം അതിജീവനത്തിനുള്ള താങ്ങായാണ് ജനങ്ങള്‍ കാണുന്നത്. കിഴക്കൻ ജറുസലേമും ഗാസ മുനമ്ബും ഉള്‍പ്പെടെ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ രണ്ടര ദശലക്ഷം പലസ്തീനികള്‍ ഉൻവയില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഗാസയുടെ വടക്ക് ഭാഗത്ത് ഇസ്രായേല്‍ സൈന്യം “ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ പട്ടിണി കിടക്കുക” എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നാണ് പലസ്തീനിലെ ജനങ്ങള്‍ വിശ്വസിക്കുന്നത്. ഇത് 400,000 സാധാരണക്കാരെ രാജ്യത്തിന്റെ തെക്കുഭാഗത്തേക്ക് നിർബന്ധിതമായി കുടിയിറക്കും. തുടർന്ന് അവശേഷിക്കുന്ന ഹമാസ് പോരാളികളെ പിടികൂടുകയുംചെയ്യുമെന്നും അവർ വിശ്വസിക്കുന്നു. എന്നാല്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നില്ലെന്നും സാധാരണക്കാർ അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്നും സൈന്യം വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *