വലിയമല(തിരുവനന്തപുരം): വലിയമല ഐ.എസ്.ആർ.ഒ.യില്‍ ജോലി വാഗ്ദാനംചെയ്ത് ഒന്നരക്കോടി രൂപ തട്ടിയെടുത്തശേഷം മൂന്നുവർഷമായി ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍.
തൊളിക്കോട് വേങ്കക്കുന്ന് മുരുകവിലാസത്തില്‍ ജി.മുരുകനെ(55)യാണ് വലിയമല പോലീസ് അറസ്റ്റുചെയ്തത്. കൊറോണക്കാലത്ത് നിരവധി ആളുകളില്‍നിന്നു പലതവണയായാണ് ഇയാള്‍ പണം കൈപ്പറ്റിയത്. ജോലി ലഭിക്കാതായതോടെ പണം നല്കിയവർ ഐ.എസ്.ആർ.ഒ.യില്‍ നേരിട്ട് അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. തുടർന്ന് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്കി.
പണം വാങ്ങി മുങ്ങിയ മുരുകൻ മൂന്നുവർഷത്തിനു ശേഷം കഴിഞ്ഞദിവസം നെടുമങ്ങാട്ടെ പ്രമുഖ ബാറില്‍ എത്തിയപ്പോള്‍ ഇയാളെ തിരിച്ചറിഞ്ഞ ചിലർ നെടുമങ്ങാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നെടുമങ്ങാട് പോലീസ് ഇയാളെ പിടികൂടി വലിയമല പോലീസിനു കൈമാറി. 25-ലധികം ആളുകള്‍ മുരുകനെതിരേ പരാതി നല്‍കിയിട്ടുണ്ട്.
കാട്ടാക്കട അമ്ബൂരിയിലെ രത്നകുമാർ, ലതിക എന്നിവരില്‍നിന്ന് രണ്ടരലക്ഷവും നെടുമങ്ങാട്ടെ ലക്ഷ്മിപ്രിയ, രാജേഷ് എസ്., വിനോദ് പി.എല്‍., നിതാ ബി.രാജ്, ശശികല സി., വിവേക് കുമാർ, അരുണ്‍കുമാർ, ഗംഗ, പൂർണിമ, ഉമാദേവി, ആതിര, രാഹുല്‍ എന്നിവരില്‍നിന്ന് 40 ലക്ഷവും നിതയില്നിന്ന് 18 ലക്ഷവും വാങ്ങിയെന്നാണ് പരാതി. ആനാട്ടെ ലതയില്‍നിന്ന് 15 ലക്ഷവും വിളപ്പില്‍ശാലയിലുള്ള ബിബിറ്റോ, മെർലിൻ ജോസ്, ഷിബു എന്നിവരില്‍നിന്ന് 42 ലക്ഷവും നെടുമങ്ങാട്ടെ ആതിര, ഗണേഷ്, ദിവ്യ, വലിയവിളയിലെ ശ്രീജിത്ത്, ചിറയിൻകീഴിലെ ശിവപാല്‍ എന്നിവരില്‍നിന്ന് 9 ലക്ഷവും ആറ്റിങ്ങലിലെ രോഹിണി, രേവതി എന്നിവരില്‍നിന്ന് 9 ലക്ഷവും കൊല്ലങ്കാവിലെ ശ്രീനയില്നിന്ന് 3 ലക്ഷവും നെടുമങ്ങാടുള്ള വിവേകില്‍ നിന്ന് രണ്ടുലക്ഷവും ചുള്ളിമാനൂരിലെ തനൂജയില്നിന്ന് രണ്ടു ലക്ഷവും മുരുകൻ വാങ്ങിയിട്ടുള്ളതായും പരാതിയുണ്ടെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.