തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് അരുമാനൂര്‍ നായിനാര്‍ദേവ ക്ഷേത്രം. ഇനി മുതല്‍ ഷര്‍ട്ട് ധരിച്ചുകൊണ്ട് പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാം. ക്ഷേത്രത്തിന്റെ 91ാമത് വാര്‍ഷികോത്സവത്തിന്റെ കൊടിയേറ്റത്തോട് അനുബന്ധിച്ചാണ് ക്ഷേത്ര കമ്മിറ്റി തീരുമാനം കൈകൊണ്ടത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും ഭക്തരും ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു.
ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് തീരുമാനമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ശ്രീനാരായണ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറാന്‍ പാടില്ലെന്ന വ്യവസ്ഥ ഒഴിക്കണമെന്നാണ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടത്.
മന്ത്രവാദം, അന്ധവിശ്വാസം, തെറ്റായ പൂജകള്‍, അനാചാരങ്ങള്‍ എന്നിവ പാടില്ലെന്നും ശ്രീനാരായണ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശനം പാടില്ലെന്ന നിബന്ധന ഗുരുദര്‍ശനത്തോട് ചേര്‍ന്നു പോകുന്നതല്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു.