ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഏറ്റവും വലിയ മെഡൽപ്രതീക്ഷയായിരുന്ന കളരിപ്പയറ്റിനെ പുറത്താക്കി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ). മലയാളിയായ പി ടി ഉഷ പ്രസിഡന്റായി തലപ്പത്തുണ്ടായിട്ടും രക്ഷയുണ്ടായില്ല. കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നും ഒഴിവാക്കാൻ ഉചിതമായ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നുമുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിനെ മറികടക്കാൻ വിചിത്രവാദവും അറിയിപ്പായി പുറത്തിറക്കി
കോടതി പറഞ്ഞ സമയത്തിനുള്ളിൽ അറിയിപ്പ് പുറത്തിറക്കുന്നതിൽ പരാജയപ്പെട്ട ഐഒഎയ്ക്കെതിരെ കളരിപ്പയറ്റ് താരം ഹർഷിത യാദവ് കോടതിയലക്ഷ്യഹർജി ഫയൽ ചെയ്തു.
വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്നാണ് ദേശീയ ഗെയിംസിനായുള്ള ചട്ടക്കൂടിൽ പറയുന്നതെന്ന് ഐഒഎ വിശദീകരിക്കുന്നു. ഈ മാനദണ്ഡങ്ങൾ കളരിപ്പയറ്റ് പാലിക്കാത്തിനാൽ ഉത്തരാഖണ്ഡ് ഗെയിംസിൽ മത്സരയിനമാക്കാനാകില്ല.
കേരളത്തിലും സമീപസംസ്ഥാനങ്ങളിലും മാത്രം പ്രചാരമുള്ള കളരിപ്പയറ്റിന് മറ്റു കായിക ഇനങ്ങളെപ്പോലെ ശക്തമായ ഭരണസംവിധാനങ്ങളില്ല. ഗെയിംസിലെ മത്സരയിനമാക്കുന്നത് പ്രായോഗികമല്ല. ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം മുൻനിർത്തി പ്രദർശനയിനമാക്കിയിട്ടുണ്ടെന്നും ഐഒഎ വ്യക്തമാക്കി.
എന്നാൽ, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷനിൽ 18 സംസ്ഥാന ഫെഡറേഷനുകൾ അഫിലിയേറ്റ് ചെയ്തിരിക്കെയാണ് രാജ്യത്തെമ്പാടും കളരിപ്പയറ്റിന് സാന്നിധ്യമില്ലെന്ന ഐഒഎ വാദം. കഴിഞ്ഞവർഷത്തെ ഗോവ ഗെയിംസിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പങ്കെടുത്തത് 224 താരങ്ങളാണ്. ഗെയിംസ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലടക്കം കളരിപ്പയറ്റ് ഫെഡറേഷനുണ്ട്. ഗെയിംസിൽ മത്സരയിനമാക്കുന്നതിൽ ഉത്തരാഖണ്ഡ് സർക്കാരും കോടതിയിൽ യോജിപ്പറിയിച്ചിരുന്നു. മാനദണ്ഡങ്ങൾ പ്രകാരമാണെങ്കിൽ മഹാരാഷ്ട്രയിലും ചുരുക്കംചില സംസ്ഥാനങ്ങളിലും മാത്രം പ്രചാരമുള്ള മല്ലക്കാമ്പ് മത്സരയിനമാക്കിയതെങ്ങനെയെന്ന ചോദ്യം ബാക്കി.
കഴിഞ്ഞ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായിരുന്നു. കേരളത്തിന് 19 സ്വർണമടക്കം 22 മെഡലുണ്ടായിരുന്നു. ആകെ 36 സ്വർണത്തോടെ അഞ്ചാംസ്ഥാനത്തായിരുന്നു. പവർലിഫ്റ്റിങ്ങിനെയും മത്സരയിനങ്ങളുടെ പട്ടികയിൽനിന്ന് വെട്ടിയിട്ടുണ്ട്.