വേമ്പനാട് കായലിലെ ജലഗുണനിലവാരത്തെ കുറിച്ചും ജലജന്യ പകർച്ചവ്യാധികളെ കുറിച്ചുമുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരഭങ്ങൾ ഉദ്ഘാടനം ചെയ്യും
കൊച്ചി: ലോക ആരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ) മുൻ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ ഇന്ന് (24 ജനുവരി, വെള്ളിയാഴ്ച) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ സന്ദർശനം നടത്തും. രാവിലെ 10ന് പ്ലാറ്റിനം ജൂബില ഹാളിൽ നടക്കുന്ന ചടങ്ങിൽ, വേമ്പനാട് കായലിലെ ജലഗുണനിലവാരത്തെ കുറിച്ചും ജലജന്യ പകർച്ചവ്യാധികളെ കുറിച്ചുമുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരഭങ്ങൾ അവർ ഉദ്ഘാടനം ചെയ്യും.
കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള വാട്ടർ ക്ലിനിക്, ശുചിത്വരീതികളെ കുറിച്ചുള്ള സർവേ നടത്തുന്നതിനാവശ്യമായ ക്ലെൻസ് ആപ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമായ അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവ ഡോ സൗമ്യ സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിക്കും.
സിഎംഎഫ്ആർഐ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, നാൻസൺ എൺവയൺമെന്റൽ റിസർച്ച് സെന്റർ-ഇന്ത്യ എന്നിവർ സംയുക്തമായാണ് വേമ്പനാട് കായലിലെ വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യം, മലിനീകരണം, പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വേമ്പനാട് കായലിന്റെ ഗുണനിലവാരവും പാരിസ്ഥിതിക അവസ്ഥയും വിലയിരുത്തുകയാണ് ഈ ഗവേഷണ പദ്ധതിയുടെ ലക്ഷ്യം.