മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ ഇന്ന് കാടുകയറ്റും. മയക്കുവെടി വയ്ക്കില്ല, കാട്ടിലേക്ക് പോകാന്‍ മണ്ണുമാന്ത്രി ഉപയോഗിച്ച് വഴിയൊരുക്കും.വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ആനയെ കാടുകയറ്റുന്ന നടപടിയുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആന അവശനിലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പ്രദേശത്ത് ഒരുകോടി മുടക്കി ഹാങ്ങിന് ഫെന്‍സിങ് സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് പുലര്‍ച്ചെയോടെ കാട്ടാന അകപ്പെട്ടത്. 15 മണിക്കൂറോളമായി കിണറ്റില്‍ കുടുങ്ങിയ കാട്ടാന അവശനിലയിലാണ്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്.