പാലക്കാട് ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി വിദ്യാഭ്യാസ വകുപ്പ്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ഉള്‍പ്പെടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍പ്പിക്കാനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
വീഡിയോ എടുത്ത അധ്യാപകരുടെ നടപടിയില്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വെറും പതിനാറോ പതിനേഴോ വയസ്സുമാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകര്‍ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനം. എന്തിനാണ് വീഡിയോ എടുത്തത്?, എങ്ങനെയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം നടന്നത്. പ്ലസ് വണ്ണില്‍ പഠിക്കുന്ന കുമ്പിടി സ്വദേശിയായ വിദ്യാര്‍ഥിയാണ് പ്രിന്‍സിപ്പലിനോട് റൂമില്‍നിന്ന് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നു ഭീഷണി മുഴക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്നു കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍, ഇതു ലംഘിച്ച് കുട്ടി ഫോണ്‍ കൊണ്ടുവരികയായിരുന്നു. ക്ലാസില്‍ നിന്ന് അധ്യാപകന് ഫോണ്‍ പിടിച്ചെടുത്ത് പ്രിന്‍സിപ്പലിനെ ഏല്‍പ്പിച്ചു. തുടര്‍ന്നാണ് വിദ്യാര്‍ഥി പ്രിന്‍സിപ്പലിന്റെ റൂമിലെത്തി ഭീഷണി മുഴക്കിയത്.പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ തൃത്താല പൊലിസില്‍ പരാതി നല്കി. സംഭവത്തില്‍ ഭീഷണി മുഴക്കിയ വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.