പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്നറിഞ്ഞാണ് ഖാസി വിവാഹം നടത്തി നല്കിയത്
ഹൈദരാബാദ്: തെലങ്കാനയിൽ ശൈശവ വിവാഹം നടത്തി നല്കിയ ഖാസി അറസ്റ്റിൽ. ഖാസി അബ്ദുൽ വദൂദ് ഖുറേഷിയാണ് അറസ്റ്റിലായത്.
ഹൈദരാബാദിലെ സന്തോഷ് നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചതിനെ തുടർന്നാണ് നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് മഹല്ല് പള്ളി ഖാസി നടത്താൻ വിസമ്മതിച്ച നിക്കാഹ് അബ്ദുൽ വദൂദ് ഖുറേഷി നടത്തികൊടുക്കുകയായിരുന്നു. ഇതിനായി ഇദ്ദേഹം പെൺകുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട പരാതിയിൽ കോടതി നിർദ്ദേശപ്രകരമാണ് സന്തോഷ് നഗർ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തത്. പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്നും വിവാഹം നിയമവിരുദ്ധമാണെന്നും കൃത്യമായ ബോധ്യമുണ്ടായിട്ടും ഖാസി കുറ്റം ചെയ്തതായി എഫ്ഐആറിൽ ഉണ്ട്. പോക്സോ, ശൈശവ വിവാഹ നിരോധന നിയമം 2006, ബിഎൻഎസ് 175 (4) വകുപ്പ് പ്രകാരമാണ് ഖാസിക്കെതിരെ കേസെടുത്തിരിക്കുന്നത്.