തിരുവനന്തപുരം:
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കണം എന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം
ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടേക്കാം. ഭരണമുന്നണിയുടെ ഭാഗമായ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും കോൺഗ്രസിന് കീഴിലുള്ള സർവീസ് സംഘടനകളുടെയുെ നേതൃത്വത്തിലാണ് പണിമുടക്ക്. കോൺഗ്രസ് അനുകൂല സംഘടനയായ സെറ്റോയും സിപിഐ അനുകൂല സംഘടയായ അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുമാണ് പ്രധാനമായും പണി മുടക്കുന്നത്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കണം എന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം. പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശികകൾ പൂർണമായും അനുവദിക്കണം, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കണം, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സർക്കാർ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് ധനവകുപ്പ് മന്ത്രി പറഞ്ഞിട്ട് ഒരു വർഷമായെന്നും ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ പറഞ്ഞു. പണിമുടക്ക് പരാജയപ്പെടുത്താൻ സിപിഐഎം ശ്രമിക്കുന്നു. പണി മുടക്കിൽ പങ്കെടുക്കരുതെന്ന് അവർ വീടുകൾ കയറി ക്യാംപെയ്ൻ നടത്തി. പണ്ട് ഒരുമിച്ച് സമരം നടത്തിയവർക്ക് ഇന്ന് തങ്ങൾ നടത്തുന്ന സമരത്തോട് യോജിക്കാൻ കഴിയുന്നില്ലെന്നും ജയചന്ദ്രൻ പറഞ്ഞു.
അതേസമയം പ്രതിപക്ഷ സർവീസ് സംഘടനകളുടെയും ജോയിൻ്റ് കൗൺസിലിൻ്റെയും സമരത്തെ പൊളിക്കാനുള്ള നീക്കവും സർക്കാർ നടത്തിയിരിക്കുകയാണ്. ഡയസ്നോൺ പ്രഖ്യാപിച്ചാണ് പണിമുടക്ക് പൊളിക്കാൻ സർക്കാർ നീക്കം. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറയ്ക്കുമെന്ന് ഉത്തരവിൽ പറയുന്നു. അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായി. എന്നാൽ സെക്രട്ടറിയേറ്റിൽ ആയിരത്തിലേറെ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സംഘടനയുടെ അവകാശവാദം. സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിനും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ക്കും കാര്യമായ അംഗബലമുള്ള വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റ്, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചേക്കും.