തിരുവനന്തപുരം: ബ്രൂവറി വിവാദം ആളിക്കത്തിക്കാന്‍ പ്രതിപക്ഷ തീരുമാനം. ഇന്ന് നിയമസഭയില്‍ വിഷയം ഉന്നയിച്ചേക്കും. ബ്രൂവറി അനുവദിച്ചതിലെ അഴിമതിയും ജലചൂഷണവും ഉയര്‍ത്തിയാണ് പ്രതിപക്ഷം പദ്ധതിയെ എതിര്‍ക്കുന്നത്. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
ബ്രൂവറിക്ക് അനുമതി നല്കിയ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനാണ് എലപ്പുള്ളി പഞ്ചായത്തിന്റെ തീരുമാനം. കമ്പനി വരുന്നതിനുള്ള വിയോജിപ്പറിയിച്ച് പഞ്ചായത്ത് സര്‍ക്കാരിന് ഇ-മെയില്‍ അയച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. സെറ്റോയും സിപിഐ അനുകൂല സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലുമാണ് പണിമുടക്കുന്നത്. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്ഷന് പുനഃസ്ഥാപിക്കണം എന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം.
നെല്ല് സംഭരണ പ്രതിസന്ധി, വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ എന്നിവ ശ്രദ്ധ ക്ഷണിക്കലായി സഭയില്‍ വരുന്നുണ്ട്. ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്നും തുടരും. ചോദ്യോത്തരവേള ഒഴിവാക്കിയ സാഹചര്യത്തില്‍ സബ്മിഷനിലൂടെയാണ് ഇന്നും സഭ തുടങ്ങുക.
ഭരണാനുകൂല സർവ്വീസ് സംഘടനയും സമരരംഗത്ത്
അതിനിടെ കൊവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ള ആയുധമാക്കാന്‍ പ്രതിപക്ഷം തീരുമാനം സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ആണ് തീരുമാനം. മൂന്നരട്ടി തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങിക്കൂട്ടി എന്നാണ് സിഎജി കണ്ടെത്തല്‍. ചട്ടം ലംഘിച്ച് മുന്‍കൂറായി കമ്പനിക്ക് പണം നല്‍കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പി പി ഇ കിറ്റ് വാങ്ങിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ട് എന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയേയും ലക്ഷ്യമിട്ടാണ് പ്രതിപക്ഷ ആരോപണങ്ങള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാര കുറവും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും. ആരോഗ്യ മേഖല പൂര്‍ണ്ണ പ്രതിസന്ധിയിലാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.