കുറ്റിപ്പുറം : മോഷണംപോയ ബൈക്കിൽ മോഷ്ടാവ് ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് പിഴയടയ്ക്കാൻ ബൈക്കുടമയ്ക്ക് മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ്. കുറ്റിപ്പുറത്തെ ഏരിയൽ ഗ്ളാസ് ഹൗസിലെ ജീവനക്കാരൻ ഷഫീഖിനാണ് നോട്ടീസ് വന്നത്. ഡിസംബർ 25-നാണ് ഷഫീഖിന്റെ ബൈക്ക് വൺവേ റോഡിൽനിന്ന് മോഷണംപോയത്. അന്ന് അർധരാത്രിയോടെ പരപ്പനങ്ങാടിയിലെ എ.ഐ. ക്യാമറയിലാണ് മോഷ്ടാവ് ഹെൽമെറ്റ് ഇടാതെ പോകുന്ന ദൃശ്യം പതിഞ്ഞത്. ഷഫീഖിന് ലഭിച്ച നോട്ടീസിൽ മോഷ്ടാവിന്റെ മുഖവും ബൈക്ക് നമ്പറും വ്യക്തമായി കാണാം. തുടർന്ന് വൺവേ റോഡിലെ ബുക്ക് സ്റ്റാളിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോൾ മോഷ്ടാവ് അവിടെനിന്ന് മാസ്ക് വാങ്ങി ധരിക്കുന്നതിന്റെ ദൃശ്യം ലഭിച്ചു. ഈ ദൃശ്യങ്ങൾ കുറ്റിപ്പുറം പോലീസിന് കൈമാറി. വൺവേ റോഡിൽനിന്ന് ഇതിനകം നിരവധി ബൈക്കുകൾ മോഷണംപോയിട്ടുണ്ട്.